പത്തനംതിട്ട :ശബരിമലയിലെ കാനനപാതയിലുള്‍പ്പെടെ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന് തീരുമാനിച്ചതായി ദേവസ്വം വകുപ്പ് അറിയിച്ചു. സന്നിധാനത്തിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുകയും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് നടപടി. എരുമേലി ദേവസ്വം ഹാളിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഹൈക്കോടതിയുടെ അനുമതിയോടെയുള്ള ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.പരമ്പരാഗത കാനനപാതയെ വിട്ട് മറ്റ് വഴികളിലൂടെ തീർഥാടകർ സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കണമെന്നും, ഇതിനായി മുക്കുഴി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വനംവകുപ്പും പൊലീസും ചേർന്ന് കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും യോഗം നിർദേശിച്ചു.
കാനനപാത ഉപയോഗിക്കുന്നവർ നിർബന്ധമായും പരമ്പരാഗത പാതയിൽ തന്നെയായിരിക്കണം സഞ്ചരിക്കേണ്ടത്.മറ്റ് വഴികളിലൂടെ വരേണ്ടി വരുന്ന ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമാത്രം മുക്കുഴിയിൽ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാമെന്നും യോഗം അറിയിച്ചു. എന്നാൽ ഇത്തരത്തിൽ പാസ് ലഭിക്കുന്നവരും പമ്പ വഴി എത്തിയ ശേഷമേ സന്നിധാനത്തേക്ക് പോകാവൂ.മുൻകൂട്ടി ബുക്കിംഗ് എടുത്ത തീർഥാടകർ നിശ്ചയിച്ചിരിക്കുന്ന തീയതിക്കുപുറമെ മറ്റുദിവസങ്ങളിൽ എത്തുന്നത് തിരക്ക് നിയന്ത്രണ ക്രമീകരണങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ, തീർഥാടകർ ബുക്കിംഗ് എടുത്ത ദിവസത്ത് മാത്രമേ വരാവൂ എന്ന് യോഗം ഓർമ്മപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീർഥാടകരുടെ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുന്നതിന് ശബരിമലയിലും ഇടത്താവളങ്ങളിലും ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തും. വിവിധ കേന്ദ്രങ്ങളിലെയും വകുപ്പ് തലത്തിലുള്ള ഏകോപന പ്രവർത്തനങ്ങൾ പൊലീസ് കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചു.എരുമേലിയിലും സമീപ പ്രദേശങ്ങളിലും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്ന് പരിശോധന നടത്തും. രാസ കുങ്കുമം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനുള്ള പരിശോധനകളും ഹൈക്കോടതി നിർദേശപ്രകാരമാകും.
എരുമേലിയിലെ മാലിന്യസംസ്‌കരണത്തിന് താൽക്കാലികമായി ലഭ്യമാക്കിയിട്ടുള്ള കുമരകം, ചങ്ങനാശേരി പ്രദേശങ്ങളിലെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് യോഗം അറിയിച്ചു.ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ്‌കുമാർ, എ.ഡി.ജിപി എസ്. ശ്രീജിത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.


