കൊല്ലം: ശബരിമല സ്വർണക്കവർച്ചക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിക്കളഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമർപ്പിച്ച അപേക്ഷ പ്രകാരം ഇയാളെ ഇന്ന് വൈകുന്നേരം നാല് മണിവരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ സംബന്ധിച്ച കേസിലാണ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. പോലീസ് ക്ലബിൽ പ്രത്യേകം ചോദ്യം ചെയ്യലുകൾ നടക്കുമെന്ന് എസ്‌ഐടി അറിയിച്ചു. ചോദ്യം ചെയ്യലുകൾ പൂർത്തിയാക്കിയ ശേഷം ബൈജുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.കട്ടിളപ്പാളി കേസിലാണ് ബൈജു ജാമ്യാപേക്ഷ സമർപ്പിച്ചത്.
അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജാമ്യത്തിൽ വിടുന്നത് അന്വേഷണം ബുദ്ധിമുട്ടാക്കുമെന്ന കോടതിയുടെ നിരീക്ഷണത്തിലാണ് അപേക്ഷ തള്ളിയത്.ശബരിമല സ്വർണക്കവർച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് മഹസർ തയ്യാറാക്കി നൽകിയതും, പാളികൾ സന്നിധാനത്ത് നിന്ന് മാറ്റുന്നതിനും ഭാരം അടയാളപ്പെടുത്തുന്നതിനുമിടയിൽ ബൈജു ഹാജരായിരുന്നില്ലെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ നടപടികളിൽ ഗൂഢാലോചന നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ.കേസിലെ നാലാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായ എസ്. ജയശ്രീക്കും ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും സമർപ്പിച്ച മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ജയശ്രീയ്ക്ക് നൽകിയിരുന്ന അറസ്റ്റ് വിലക്ക് കോടതി തുടരാൻ നിർദേശിച്ചിട്ടുണ്ട്.2019ൽ ദേവസ്വം ബോർഡ് സെക്രട്ടറി ആയിരുന്ന ജയശ്രീ പാളികൾ കൊടുത്തു വിടുന്നതുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡ് മിനുട്ട്സിൽ തിരുത്തൽ വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ചെമ്പുപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടണമെന്ന് ജയശ്രീ മിനുട്ട്സിൽ രേഖപ്പെടുത്തിയിരുന്നു. അതേസമയം സ്വർണപ്പാളികൾ കൈമാറിയതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവെച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് എസ്. ശ്രീകുമാർ. വിചാരണക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.


