കോട്ടയം: ഇല്ലിക്കലിൽ ജില്ലാ പൊലീസിന്റെയും കുമരകം പൊലിസിന്റെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടിടത്ത് 41 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 34000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഹാൻസ് വേട്ട നടന്നത്. കോട്ടയം നഗരത്തിൽ തട്ടുകട നടത്തുന്ന നിയാസിന്റെ വീട്ടിൽ നിന്നും പരുത്തിയകം ഭാഗത്ത് ഇയാൾ വാടകയ്ക്ക് എടുത്ത മുറിയിൽ നിന്നുമാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് വൻ ലഹരി മരുന്ന് വേട്ട നടന്നത്. ഇല്ലിക്കൽ പരുത്തിയകം ഭാഗത്തെ രഹസ്യ കേന്ദ്രത്തിൽ നിരന്തരമായി ലഹരി മരുന്ന് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളോളമായി പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകിട്ടോടെ കുമരകം എസ്.എച്ച്.ഒ കെ.ഷിജി, എസ്.ഐ ബസന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ജാക്സൺ, പ്രതീഷ് എന്നിവർ ചേർന്ന് പരിശോധന നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരുത്തിയകം ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിയാസ് വാടകയ്ക്ക് എടുത്ത മുറിയിലാണ് ആദ്യ പരിശോധനയിൽ 19 ചാക്കുകളിലായി 14000ത്തോളം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. നിയാസ് തട്ടുകടയുടെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്ത മുറിയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നിയാസിന്റെ വീട്ടിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെ 21 താക്കുകളായി സൂക്ഷിച്ചിരുന്ന 22000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി. രണ്ടു സ്ഥലത്തു നിന്നു ലഭിച്ച വസ്തുക്കളും കുമരകം പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത കുമരകം പൊലീസ് അന്വേഷണവും ആരംഭിച്ചു.


