തിരുവനന്തപുരം :നാവിക സേന ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ശംഖുമുഖം തീരത്ത് നടക്കുന്ന അഭ്യാസ പ്രകടനങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. വൈകിട്ട് നാലോടെയാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തുന്നത്. വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ സംസ്ഥാന ഗവർണറും മുഖ്യമന്ത്രിയും നാവികസേനയുടെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് രാഷ്ട്രപതിയെ സ്വീകരിക്കുക.സ്വീകരണത്തിനുശേഷം രാഷ്ട്രപതി ശംഖുമുഖത്തേക്ക് പോകുകയും അവിടെ നടക്കുന്ന നാവിക സേനയുടെ സമൃദ്ധമായ അഭ്യാസ പ്രകടനങ്ങൾ വീക്ഷിക്കുകയും ചെയ്യും.
നാലരയ്ക്ക് ആരംഭിക്കുന്ന പ്രകടനത്തിൽ പടക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിപുലമായ സേനാസന്നാഹങ്ങൾ അണിനിരക്കും. പൊതുജനങ്ങൾക്ക് നേരിട്ട് കാണാനാകുന്ന രീതിയിൽ പരിപാടികൾ ക്രമീകരിച്ചിരിക്കുകയാണ്.പ്രദർശനങ്ങൾ കഴിഞ്ഞ് ഏഴേ മുക്കാലോടെയാണ് രാഷ്ട്രപതി ലോക്ഭവനിൽ എത്തി വിശ്രമിക്കുന്നത്. നാളെ രാവിലെ 9.45ഓടെ രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.


