കോഴിക്കോട് :അടിയന്തിര ചികിത്സക്ക് മെഡിസെപ് ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ചതില്‍ ഇൻഷുറൻസ് കമ്പനിക്കെതിരെ കഠിനമായ നടപടി സ്വീകരിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കിഴിശ്ശേരി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി 2,35,000 രൂപ ചികിത്സാചെലവും, 50,000 രൂപ മാനസിക പീഡനത്തിന് നഷ്ടപരിഹാരവും, 5,000 രൂപ കോടതി ചെലവും, കൂടാതെ താമസം ഉണ്ടായാൽ 9% പലിശയും അടയ്ക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.സ്‌ട്രോക്ക് മൂലം പെട്ടെന്നുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് പരാതിക്കാരിയെ കോഴിക്കോട് നഗരത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ അടിയന്തിരമായി പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിസെപ് പാനൽ പട്ടികയിൽ ഈ ആശുപത്രി സ്‌ട്രോക്ക് ചികിത്സയ്ക്കായി ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും സാഹചര്യം അടിയന്തരമായതിനാൽ സമീപത്തുള്ള സൗകര്യപ്രദമായ ആശുപത്രിയിലേക്കാണ് മാറ്റിയത്.ചികിത്സയ്ക്കുശേഷം ഇൻഷുറൻസ് ആനുകൂല്യം ആവശ്യപ്പെട്ടപ്പോൾ, പാനലിൽ ഇല്ലാത്ത ആശുപത്രി എന്ന കാരണത്താൽ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ആനുകൂല്യം നിഷേധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെ തുടർന്ന് യുവതി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചിരുന്നു.അടിയന്തിര സംഭവങ്ങളിൽ പാനലിൽ ഇല്ലാത്ത ആശുപത്രിയിലേക്കും പ്രവേശിപ്പിക്കേണ്ട സാഹചര്യം വരാം, അത്തരത്തിലെ സന്ദർഭങ്ങളിൽ മെഡിസെപ് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കണമെന്ന വ്യവസ്ഥയുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വ്യവസ്ഥ ലംഘിച്ച് ആനുകൂല്യം നിഷേധിച്ചതായി കണ്ടെത്തി ഓറിയന്റൽ ഇൻഷുറൻസിന് കമ്മീഷൻ ഉത്തരവ് നൽകി.കമ്മീഷൻ പ്രസിഡന്‍റ് കെ. മോഹന്‍ദാസ്, അംഗങ്ങളായ പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.


