ന്യൂഡൽഹി :ഇൻഡിഗോ വിമാന കമ്പനിയെ ചുറ്റിപ്പറ്റിയുണ്ടായ പ്രവർത്തന പ്രതിസന്ധിയിൽ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അറിയിച്ചു. ജോലിസമയം സംബന്ധിച്ച പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ ആവശ്യമായ കൂടിയാലോചനകളുണ്ടായോ എന്നതും പരിശോധിക്കും. പുതുക്കിയ ഷെഡ്യൂൾ ഇന്നുതന്നെ സമർപ്പിക്കണമെന്ന് മന്ത്രാലയം ഇൻഡിഗോയോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഇൻഡിഗോ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുശേഷമാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഈ സാഹചര്യത്തിൽ പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്നും അന്വേഷിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആവശ്യമെങ്കില് ഇൻഡിഗോ സിഇഒയെ പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും മുന്നറിയിപ്പ് നൽകി.അതേസമയം, എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാനൊരുങ്ങുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡ്യൂട്ടി സമയലംഘനങ്ങൾ, ജോലി സമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ കമ്മിറ്റിയെ അറിയിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.ഇൻഡിഗോ പ്രശ്നം പരിഹരിച്ചതായി അവകാശപ്പെട്ടിട്ടും ഇന്ന് നിരവധി വിമാനത്താവളങ്ങളിൽ സേവന മുടക്കങ്ങൾ തുടരുകയായിരുന്നു. പുതുക്കിയ ഷെഡ്യൂളുകൾ ഇന്ന് വൈകുന്നേരം അഞ്ചുമണിക്കകം സമർപ്പിക്കണമെന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചു. 10 ശതമാനം സ്ലോട്ട് വെട്ടിക്കുറക്കുകയും അത് മറ്റ് വിമാനക്കമ്പനികൾക്ക് അനുവദിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഉത്സവകാലത്ത് ഈ നടപടി ഇൻഡിഗോയ്ക്ക് വലിയ തിരിച്ചടിയായിരിക്കും.ടിക്കറ്റ് നിരക്കിൽ ഉണ്ടായ കുത്തനെ വർധനയും സേവന മുടക്കങ്ങളും ഡൽഹി ഹൈക്കോടതി ശക്തമായി വിമർശിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാൻ കേന്ദ്രസർക്കാരിനെയും ഡിജിസിഎയെയും കോടതി നിർദ്ദേശിച്ചു.


