തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പ്രൊഫഷണൽ ഗാനമേള ട്രൂപ്പിന്റെ മാതൃകയിൽ രൂപീകരിച്ച ഗാനവണ്ടി യുടെ അരങ്ങേറ്റം നടന്നു. നെയ്യാറ്റിൻകര പൊഴിയൂരിന് സമീപമുള്ള ഉച്ചക്കട നെല്ലിക്കോണം ദുർഗ്ഗാ–ധർമ്മശാസ്താ ക്ഷേത്രത്തിലാണ് ആദ്യ പരിപാടി സംഘടിപ്പിച്ചത്. സംഗീതാസ്വാദകർ പരിപാടിയെ അഭിനന്ദിച്ചു.
ഓഡിഷൻ വഴി തെരഞ്ഞെടുത്ത 18 അംഗങ്ങളാണ് പാട്ട് സംഘത്തിലുള്പ്പെട്ടിരിക്കുന്നത്. ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ, കൂടാതെ അവരുടെ കുടുംബാംഗങ്ങളുമാണ് ട്രൂപ്പിന്റെ ഭാഗം. ജോലിയുടെ വിരസത മാറുന്നതിനും കെഎസ്‌ആർടിസിക്ക് അധിക വരുമാനം കണ്ടെത്തുന്നതിനുമാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്.രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഗാനമേളയാണ് ഗാനവണ്ടി അവതരിപ്പിക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആശയമാണ് ഈ ട്രൂപ്പ് യാഥാർത്ഥ്യമാകാൻ കാരണമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനകം തന്നെ ആറ് പരിപാടികൾക്കാണ് ബുക്കിംഗ് ലഭിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.സമീപകാലത്ത് കെഎസ്‌ആർടിസി സ്വന്തം ക്രിക്കറ്റ് ടീമും രൂപീകരിച്ചിരുന്നു. സംസ്ഥാന-ദേശീയ തല ടീമുകളെ തെരഞ്ഞെടുക്കുന്ന രീതിയിൽ പ്രൊഫഷണലായാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ദേശീയ നിലവാരത്തിലുള്ള ടീം സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നുമാണ് മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്.
ടിക്കറ്റേതര വരുമാനം കൂട്ടുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ കെഎസ്‌ആർടിസിക്ക് വലിയ പിന്തുണയായി. വരുമാനം വർധിച്ചതോടെ ജീവനക്കാരുടെ ശമ്പളവും യഥാസമയം വിതരണം ചെയ്യപ്പെടുന്നുണ്ട്.


