കോട്ടയം: കൂടുതൽ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതികളുടെ പക്കൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതിമാരായ പ്രതികൾ പിടിയിൽ. മാഞ്ഞൂർ വി.കെ.ടി വീട്ടിൽ മനീഷ് (38), വിജി (37) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ എ.എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മക്കളില്ലാത്ത മാഞ്ഞൂർ സ്വദേശികളുമായി സൌഹൃദം സ്ഥാപിച്ച ശേഷമാണ് രണ്ട് പ്രതികളും ചേർന്ന് തട്ടിപ്പ് നടത്തിയത്. വൃദ്ധ ദമ്പതികളോട് അടുപ്പം സ്ഥാപിച്ചു വിശ്വാസം പിടിച്ചു പറ്റിയ ശേഷം ഇവരുടെ എസ്.ബി.ഐ കുറുപ്പന്തറ ബ്രാഞ്ചിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിച്ചിരുന്ന 60 ലക്ഷം രൂപക്ക് (അറുപതു ലക്ഷം രൂപ ) കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ഇവർ കൈവശപ്പെടുത്തുകയായിരുന്നു.
സി.എഫ്.സി.ഐ.സി.ഐ ബാങ്കിൻ്റെ എറണാകുളം ബ്രാഞ്ചിൽ മാറ്റി നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2024 ജൂലൈ മാസം മുതൽ ഉള്ള കാലയളവിൽ പല തവണ കളായാണ് ഇവർ ചെക്ക് വഴി അടക്കം പണം പിൻവലിച്ചത്. പല തവണയായി ദമ്പതിമാരിൽ നിന്നും പണം തട്ടിയെടുത്ത ശേഷം 60 ലക്ഷം രൂപ സി.എഫ്.സി.ഐ,സി.ഐ ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ചു കാണിച്ച് ഇവർ ദമ്പതിമാരെ കബളിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയോധിക ദമ്പതിമാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് സംഘം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐമാരായ ബി.സുരേഷ് കുമാർ, കെ.നാസർ, ബി.അജികുമാർ, ബി.പി വിനോദ്, എ.എസ്.ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമൻ പി.മണി, സിവിൽ പൊലീസ് ഓഫിസർ സി.എം അർജുൻ എന്നിവരടങ്ങുന്ന പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈക്കം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.


