ന്യൂസ് ഡെസ്ക് :കുഞ്ഞുങ്ങൾക്ക് ധാരാളം കളിപ്പാട്ടങ്ങൾ വാങ്ങി നൽകുന്നത് ഇന്ന് വളരെ സാധാരണമായ ഒരു പ്രവണതയായി മാറിയിരിക്കുകയാണ്. രക്ഷിതാക്കളും മുത്തശ്ശന്മാരും മുത്തശ്ശിമാരും മറ്റു കുടുംബാംഗങ്ങളും കുഞ്ഞുങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പലപ്പോഴും കളിപ്പാട്ടങ്ങൾ സമ്മാനമായി നൽകുന്നത്. ഈ സാഹചര്യത്തെ കണക്കിലെടുത്ത് വിപണിയിൽ ആയിരക്കണക്കിന് തരത്തിലുള്ള കളിപ്പാട്ടങ്ങളാണ് ഇന്ന് ലഭ്യമായിരിക്കുന്നത്.എന്നാൽ ആവശ്യത്തിലധികം കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങളുടെ മാനസികവും വികാരപരവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
ശ്രദ്ധക്കുറവിന് കാരണമാകുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞുങ്ങൾക്ക് ഒരുപരിധിക്ക് മുകളിൽ കളിപ്പാട്ടങ്ങൾ ലഭിക്കുമ്പോൾ ഒരു കളിപ്പാട്ടത്തിൽ തന്നെ ദീർഘസമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്കു കഴിയാതെ വരുന്നു. ഇടയ്ക്കിടെ കളിപ്പാട്ടങ്ങൾ മാറിമാറി എടുത്ത് കളിക്കുന്ന പ്രവണത രൂപപ്പെടുന്നതോടെ ശ്രദ്ധക്കുറവ് വർധിക്കാനുള്ള സാധ്യത കൂടുതലാണ്.സാധാരണയായി കുഞ്ഞുങ്ങൾ ടീച്ചറായോ അമ്മയായോ കടയിൽ സാധനങ്ങൾ വാങ്ങുന്നയാളായോ ആയി സങ്കൽപ്പിച്ച് കളിക്കുന്നതിലൂടെ അവരുടെ സൃഷ്ടിപരമായ ചിന്ത ശക്തമാകുന്നു. എന്നാൽ കളിപ്പാട്ടങ്ങളുടെ അമിത സാന്നിധ്യം ഇത്തരം സങ്കൽപ്പാത്മക കളികളെ കുറയ്ക്കാൻ ഇടയാക്കുന്നു.
വൈകാരിക ആശ്രിതത്വം വർധിക്കുന്നു
വിരസതയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ കളിപ്പാട്ടങ്ങളെ ആശ്രയിക്കുന്ന പ്രവണത കുഞ്ഞുങ്ങളിൽ വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കളിപ്പാട്ടങ്ങളോട് അമിതമായ വികാരബന്ധം രൂപപ്പെടുന്നത് കുട്ടികളുടെ വൈകാരിക വളർച്ചയെ ദോഷകരമായി ബാധിക്കാം.ഇത് വളരുന്നതിനനുസരിച്ച് ജീവിതത്തിലെ പ്രശ്നങ്ങളെ സ്വയം നേരിടാൻ കഴിയാത്ത അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ നയിക്കുമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
സഹോദരങ്ങൾക്കിടയിൽ സംഘർഷ സാധ്യത
ഒന്നിലധികം കുട്ടികൾ ഉള്ള വീടുകളിൽ കളിപ്പാട്ടങ്ങളുടെ എണ്ണം കൂടുമ്പോൾ അവയുടെ പേരിൽ തർക്കങ്ങളും സംഘർഷങ്ങളും വർധിക്കാനുള്ള സാധ്യതയുണ്ട്. ഒരേ സമയം ഒരേ കളിപ്പാട്ടം വേണമെന്ന ആവശ്യം സഹോദരങ്ങൾക്കിടയിൽ വഴക്കുകൾക്ക് കാരണമാകാറുണ്ട്.
പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാം?
കളിപ്പാട്ടങ്ങൾക്ക് പരിധി നിശ്ചയിക്കുക: കുഞ്ഞുങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന എണ്ണം മാത്രം കളിപ്പാട്ടങ്ങൾ നൽകുക.
സജീവമായ കളികൾ പ്രോത്സാഹിപ്പിക്കുക: വീടിന് പുറത്തുള്ള കളികൾ, ചിത്രരചന, കൈവേലകൾ തുടങ്ങിയവ കുട്ടികളുടെ സൃഷ്ടിപരമായ വളർച്ചയ്ക്ക് സഹായകരമാണ്.
കളിക്കാനുള്ള സമയം നിശ്ചയിക്കുക: ദിവസവും കളിക്കാനുള്ള സമയം കൃത്യമായി നിശ്ചയിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കഴിവ് വർധിപ്പിക്കും.
തിരഞ്ഞെടുപ്പിൽ ശ്രദ്ധ ചെലുത്തുക: കളിപ്പാട്ടങ്ങളുടെ എണ്ണത്തേക്കാൾ കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനും പ്രായത്തിനും അനുയോജ്യമായവ തിരഞ്ഞെടുക്കുക.
ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ സ്വാഭാവികവും ആരോഗ്യകരവുമായ വളർച്ച ഉറപ്പാക്കാനാകും.ഓർക്കുക, കുഞ്ഞിനെ സ്നേഹിക്കുന്നത് അവൻ ആവശ്യപ്പെടുന്ന എല്ലാ കളിപ്പാട്ടങ്ങളും വാങ്ങി നൽകുന്നതിലല്ല; മറിച്ച് അവർക്കു ദോഷമില്ലാത്ത വിധത്തിൽ പരിധിയുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിലാണ് യഥാർത്ഥ കരുതൽ.


