ഉന്നതർ പ്രതികളായപ്പോൾ നിയമം നിശ്ചലം:കൈക്കൂലി കേസ് ഉൾപ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളുണ്ടായിട്ടും ജയില്‍ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം;സസ്പെന്റ് ചെയ്യാൻ നടപടിയില്ല

തിരുവനന്തപുരം:ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടായിട്ടും സസ്പെൻഷൻ അടക്കമുള്ള നടപടികൾ വൈകുന്നതായി ആരോപണം. വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഡയറക്ടർ തലത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ഗൗരവമുള്ള കണ്ടെത്തലുകൾ ഉണ്ടായിട്ടും ഇതുവരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.ഡിഐജി വിനോദ് കുമാറിനൊപ്പം കേസിൽ ഉൾപ്പെട്ട എസ്പി, ഡിവൈഎസ്പി ഉദ്യോഗസ്ഥർക്കും ഭരണതലത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

Advertisements

വനിത എസ്‌ഐമാർക്ക് അപമര്യാദാപരമായ സന്ദേശങ്ങൾ അയച്ചെന്ന പരാതിയുള്ള എസ്പി വിനോദ് കുമാറിനെതിരെയും യാതൊരു നടപടിയും സ്വീകരിക്കാതെ സംരക്ഷണം ഒരുക്കുകയാണ് എന്നതാണ് ഉയരുന്ന വിമർശനം.വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോഷ് ആക്ട് പ്രകാരം അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും, ആ അന്വേഷണം ഇതുവരെ യാതൊരു നിഗമനത്തിലേക്കും എത്തിയിട്ടില്ല. പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടും അന്വേഷണ റിപ്പോർട്ട് മുന്നോട്ടുപോകാത്ത സാഹചര്യമാണ് നിലവിലുള്ളത്.അതേസമയം, സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പ്രതിയായ ഡിവൈഎസ്പി ഉമേഷിനെതിരെയും ഇതുവരെ കേസെടുത്തിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരി വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. കേസെടുക്കണമെന്ന് ശുപാർശ ചെയ്യുന്ന ഉത്തരമേഖല ഐജിയുടെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നുവെങ്കിലും, അതും നടപടിയില്ലാതെ ‘കോൾഡ് സ്റ്റോറേജിൽ’ ഒതുക്കിയിരിക്കുകയാണെന്നാണ് ആരോപണം.ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകളായതിനാൽ രാഷ്ട്രീയ-ഭരണ ഇടപെടലുകളാണ് നടപടികൾ വൈകാൻ കാരണമെന്ന സംശയവും ശക്തമാകുകയാണ്. ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുമ്പോഴും പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാത്തത് നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

Hot Topics

Related Articles