കണ്ണൂർ : കണ്ണൂരിൽ റീൽസ് ചിത്രീകരിക്കാനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. എറണാകുളം–പുണെ എക്‌സ്പ്രസ് ട്രെയിനാണ് വിദ്യാർത്ഥികൾ തടഞ്ഞത്.മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്താണ് സംഭവം. പാളത്തിനോട് ചേർന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടർന്ന് അപകട സാധ്യത മുന്നിൽ കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ അടിയന്തരമായി നിർത്തുകയായിരുന്നു.
തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്നിറങ്ങി സ്ഥിതിഗതികൾ പരിശോധിച്ചു. ഇതോടെ ഏകദേശം രണ്ട് മിനിറ്റോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ ഗേറ്റ് ഉദ്യോഗസ്ഥൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്യലിൽ, റീൽസ് ചിത്രീകരിക്കാനായിരുന്നു ലൈറ്റ് അടിച്ചതെന്ന് വിദ്യാർത്ഥികൾ സമ്മതിച്ചു. പിന്നീട് ഇരുവരെയും ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു.


