വിജയസാധ്യതയ്ക്ക് മുൻഗണന:സിപിഎം സ്ഥാനാർഥി ധാരണയിൽ ശൈലജയും വീണാ ജോർജും വീണ്ടും മത്സരിക്കും-മുകേഷിനും മണിക്കും ഇളവില്ല;മുഖ്യമന്ത്രി മുന്നണിയെ നയിക്കും

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ വിജയസാധ്യതയുള്ള പ്രമുഖ എംഎൽഎമാരെ വീണ്ടും മൽസരിപ്പിക്കാനുള്ള നിലപാടിൽ സിപിഎം. വീണാ ജോർജ്, കെ.കെ. ശൈലജ, യു. പ്രതിഭ, വി. ജോയി, പി.വി. ശ്രീനിജൻ എന്നിവരെ വീണ്ടും മത്സരിപ്പിക്കാനുള്ള ധാരണ പാർട്ടി നേതൃത്വത്തിൽ ഉണ്ടായി എന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സ്ഥാനാർഥികൾക്ക് പാർട്ടി നിർദേശം നൽകിയതായും സൂചനയുണ്ട്.അതേസമയം, ടേം വ്യവസ്ഥയിൽ ഇളവില്ലെന്ന നിലപാട് തുടരുന്ന സിപിഎം, നടൻ മുകേഷിനും എം.എം. മണിക്കും ഇത്തവണ അവസരം നൽകില്ല. എ.സി. മൊയ്ദീന് മത്സരത്തിൽ ഇളവുണ്ടാകില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി കൺവീനറായ ടി.പി. രാമകൃഷ്ണൻ ഇത്തവണ മത്സരിക്കില്ല. പാർട്ടി സെക്രട്ടറിയേറ്റംഗം എം. സ്വരാജ് മത്സരത്തിൽ നിന്ന് മാറി നിന്നുകൊണ്ട് തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കും.

Advertisements

സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി ചോദ്യം ചെയ്ത കടകംപള്ളി സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിൽ പാർട്ടിക്കുള്ളിൽ കടുത്ത ആശയകുഴപ്പമാണ്. വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും. എന്നാൽ പിണറായി വിജയൻ സ്വയം മത്സരിക്കുമോ, അല്ലെങ്കിൽ മത്സരിക്കാതെ മുന്നണിയെ നയിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നടത്തുന്ന മേഖലാ ജാഥയ്ക്ക് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

Hot Topics

Related Articles