സമാധാനവും സഹജീവിതവും മനുഷ്യന്റെ അവകാശം;‘മനുഷ്യർക്കൊപ്പം സന്ദേശവുമായി സമസ്‌തയുടെ കേരള യാത്രയ്ക്ക് തുടക്കം

കാസർഗോഡ്:ഇസ്‌ലാം സ്‌നേഹത്തിന്റെയും സഹജീവിതത്തിന്റെയും സന്ദേശമാണെന്നും എല്ലാവരുമായും നന്മയിൽ വർത്തിക്കാനാണ് ഇസ്‌ലാമിന്റെ അധ്യാപനമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ.കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘കേരള യാത്ര’യ്ക്ക് ചെർക്കളയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരും മനുഷ്യരാണെന്ന അടിസ്ഥാനബോധം നാം കൈവിടരുതെന്നും മനുഷ്യർക്കിടയിൽ വെറുപ്പും ശത്രുതയും വിതയ്ക്കരുതെന്നും കാന്തപുരം പറഞ്ഞു. ഒരാൾ സഹജീവികൾക്കായി ചെയ്യുന്ന സദ്‌കർമങ്ങളെ അയാളുടെ വർഗ്ഗമോ മതമോ നോക്കി വിലയിരുത്തി നിരുത്സാഹപ്പെടുത്തുന്ന സമീപനം ഉണ്ടാകരുത്. സ്വസ്ഥമായ ജീവിതം എല്ലാവരുടെയും അവകാശമാണെന്നും ഒരു നാടിന് ഏറ്റവും ആവശ്യമുള്ളത് പുരോഗതിയും സമാധാനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.സമാധാനത്തിന്റെ സന്ദേശങ്ങൾ പരസ്‌പരം കൈമാറാനും പട്ടിണി മാറ്റി പാവപ്പെട്ടവരെ ചേർത്തുനിർത്താനുമാണ് പ്രവാചകർ മനുഷ്യരെ ഓർമിപ്പിച്ചതെന്നും കാന്തപുരം പറഞ്ഞു.

Advertisements

കേരളീയ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെയും നിലനിൽപ്പിന്റെയും വളർച്ചയുടെയും ദിശ നിർണയിച്ചത് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയാണെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടിനെ വരവേൽക്കുന്നതിനായി വലിയ കർമപദ്ധതികളോടെയാണ് സമസ്‌ത മുന്നോട്ട് പോകുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം ഇസ്‌ലാമിക വിജ്ഞാനവും ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിക്കുന്ന ഇസ്ലാമിക് യൂണിവേഴ്‌സിറ്റി (ജാമിഅത്തുൽ ഹിന്ദ്) ഉൾപ്പെടെയുള്ള പദ്ധതികൾ സമസ്‌തയുടെ കീഴിൽ നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, ജീവകാരുണ്യ രംഗത്തും സമസ്‌ത ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിപ്പോരുന്നതെന്നും സമസ്‌ത നേടിയെടുത്ത നേട്ടങ്ങളുടെ ഗുണഫലം എല്ലാ സമൂഹങ്ങൾക്കും അനുഭവിക്കാൻ കഴിയണമെന്നും കാന്തപുരം വ്യക്തമാക്കി. ലോകത്ത് എല്ലാ മതസ്ഥർക്കും ജീവിക്കാനും സ്വന്തം ആദർശങ്ങൾ മറ്റുള്ളവരെ മുറിവേൽപ്പിക്കാതെ പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുസ്‌ലിംകൾക്ക് ദിശാബോധം നൽകിയതും അവരെ സംഘടിത സമൂഹമായി മുന്നോട്ട് നയിച്ചതും സമസ്‌തയാണെന്നും ഇതിന്റെ ഗുണഫലം മറ്റ് സമൂഹങ്ങൾക്കും പല അർഥത്തിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ നേട്ടങ്ങളും പുരോഗതിയും വരും തലമുറകൾക്ക് കൈമാറാൻ ഒന്നിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും കാന്തപുരം പറഞ്ഞു.സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാൻ മുസല്യാർ സ്വീകരണം ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് ആരംഭിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി. എന്നിവർ പ്രസംഗിച്ചു.ഉള്ളാൾ ദർഗയിൽ നിന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസല്യാരും കേരള യാത്ര സമിതി ചെയർമാൻ കെ.എസ്. ആറ്റക്കോയ തങ്ങളും ചേർന്ന് ജാഥാ നായകൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർക്ക് പതാക കൈമാറി. ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, കർണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസല്യാർ എന്നിവർ പങ്കെടുത്തു.

‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിലാണ് കേരള യാത്ര. സമസ്‌തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കളാണ് യാത്രയിലെ സ്ഥിരം അംഗങ്ങൾ. വിവിധ ജില്ലകളിലെ സ്വീകരണങ്ങൾക്ക് ശേഷം യാത്ര ജനുവരി 16ന് തിരുവനന്തപുരത്ത് സമാപിക്കും. അനുബന്ധമായി ജനുവരി 6ന് തമിഴ്‌നാട്ടിലെ നീലഗിരിയിൽ സ്നേഹയാത്രയും സംഘടിപ്പിക്കും.

Hot Topics

Related Articles