ന്യൂഡൽഹി:മന്നത്ത് പത്മനാഭന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിലായിരുന്നു മോദിയുടെ അനുസ്മരണം.സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു മന്നത്ത് പത്മനാഭനെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ അടിയുറച്ചതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹം എന്നും മോദി വ്യക്തമാക്കി.ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ മന്നത്ത് പത്മനാഭൻ നൽകിയ അതുല്യമായ സംഭാവനകൾ ഇന്നും പ്രചോദനമായി നിലകൊള്ളുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുമെന്ന് മോദി കൂട്ടിച്ചേർത്തു.


