വയനാട്:പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ കടുത്ത പരിഹാസത്തോടെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതൃത്വവും. വയനാട്ടിൽ നടന്ന കോൺഗ്രസ് നേത്യത്വ യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ, സർക്കാർ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ആഞ്ഞടിച്ചു.“പേടിച്ചു പോയെന്ന് പോയി മുഖ്യമന്ത്രിയോട് പറ” എന്നായിരുന്നു വിഷയത്തിൽ വി.ഡി. സതീശന്റെ ആദ്യ പ്രതികരണം. താൻ വിദേശത്ത് നിന്ന് പണം പിരിച്ചുവെന്ന ആരോപണം ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണെന്നും, അതിനാൽ വിജിലൻസ് റിപ്പോർട്ട് ഗോവിന്ദൻ വീണ്ടും വായിച്ചു നോക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
വിജിലൻസ് തന്നെ അന്വേഷിച്ച് തള്ളിയ കേസാണിതെന്നും, ഇത് നിയമപരമായി നിലനിൽക്കില്ലെന്നും സതീശൻ വ്യക്തമാക്കി.ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെയും ഇതുപോലുള്ള ആരോപണങ്ങൾ മുൻപ് ഉയർന്നിരുന്നുവെന്നും, ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. കേസ് സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാണെങ്കിൽ അതിന് താൻ വെല്ലുവിളിക്കുന്നുവെന്നും വി.ഡി. സതീശൻ പരസ്യമായി പ്രഖ്യാപിച്ചു.സർക്കാർ നീക്കത്തെ ‘വെറും ഓലപ്പടക്കം’ എന്നാണ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. അന്വേഷണം കൊണ്ടൊന്നും സംഭവിക്കില്ലെന്നും, തിരഞ്ഞെടുപ്പ് കാലത്ത് പതിവായി സർക്കാർ ഉപയോഗിക്കുന്ന തന്ത്രം മാത്രമാണിതെന്നും ബത്തേരിയിൽ അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും സർക്കാർ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. “ഇതൊരു 100 ശതമാനം പരാജയപ്പെട്ട ഇലക്ഷൻ സ്റ്റണ്ടാണ്. വിജിലൻസ് തന്നെ തള്ളിയ കേസ് ഒരു വർഷത്തിന് ശേഷം വീണ്ടും പൊടിതട്ടി പുറത്തെടുക്കുന്നത് ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ്. കോൺഗ്രസ് ഇതിനെ പുല്ലുവില പോലും കൽപ്പിക്കുന്നില്ല,” എന്നാണ് ഷാഫി പ്രതികരിച്ചത്.സിപിഎം ഉന്നത നേതാക്കൾ ജയിലിലാകുകയും ശബരിമല വിഷയം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാർ പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങളെന്നും പി.സി. വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഇപ്പോൾ അന്വേഷണം പ്രഖ്യാപിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് കെ. മുരളീധരൻ ആരോപിച്ചു. സിബിഐയാകട്ടെ മറ്റേതെങ്കിലും ഏജൻസിയാകട്ടെ, അന്വേഷണം വന്നാലും കോൺഗ്രസ് ഭയപ്പെടില്ലെന്നും, വി.ഡി. സതീശനെതിരായ നീക്കം ജനങ്ങൾക്കിടയിൽ യുഡിഎഫിന് കൂടുതൽ പിന്തുണ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും ഭരണവിരുദ്ധ വികാരവും മറികടക്കാൻ പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി ആക്രമിക്കുന്ന തന്ത്രമാണ് സർക്കാർ പയറ്റുന്നതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.


