പത്തനംതിട്ട:ശബരിമലയില്‍ ഓണ്‍ലൈനായി വഴിപാട് ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് വഴിപാടുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം രൂക്ഷമാകുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാല്‍ പല ഭക്തരും വഴിപാടുകള്‍ കഴിഞ്ഞ ശേഷമാണ് സന്നിധാനത്ത് എത്തുന്നത്. ഇതോടെ നേര്‍ച്ച വഴിപാട് നേരിട്ട് കണ്ട് തൊഴാനാകാതെ നിരാശരായി മലയിറങ്ങേണ്ട അവസ്ഥയിലേക്കാണ് തീര്‍ഥാടകര്‍ എത്തുന്നത്.പുലര്‍ച്ചെ നടക്കുന്ന ഗണപതി ഹോമം പോലുള്ള വഴിപാടുകള്‍ ബുക്ക് ചെയ്ത ഭക്തര്‍ തലേദിവസം രാത്രിയിലോ, കുറഞ്ഞത് നടയടയ്ക്കുന്നതിന് മുന്‍പെങ്കിലും സന്നിധാനത്ത് എത്തണമെന്ന നിബന്ധന പ്രായോഗികമല്ലെന്ന പരാതിയും ശക്തമാണ്. നേരിട്ട് വഴിപാട് തുക അടയ്ക്കുന്നവര്‍ക്കും രാത്രി 11ന് മുന്‍പ് സന്നിധാനത്ത് എത്തി രസീത് വാങ്ങിയാല്‍ മാത്രമേ വഴിപാട് നടത്താനാകൂ.
ഗണപതി ഹോമം ഉള്‍പ്പെടെ നിരവധി വഴിപാടുകള്‍ ഭൂരിഭാഗവും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവരാണ്. രാവിലെ 11ന് മുന്‍പ് സന്നിധാനത്ത് എത്തിയാല്‍ മാത്രമേ അഷ്ടാഭിഷേകം, ഉഷപൂജ തുടങ്ങിയ വഴിപാടുകളില്‍ പങ്കെടുക്കാന്‍ കഴിയൂ. എന്നാല്‍ പമ്പ മുതല്‍ സന്നിധാനം വരെ അഞ്ചുമണിക്കൂറിലധികം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാല്‍ പലരും പൂജകള്‍ കഴിഞ്ഞാണ് സന്നിധാനത്ത് എത്തുന്നത്.പൂജകള്‍ കഴിഞ്ഞ് എത്തുന്ന ഓണ്‍ലൈന്‍ വഴിപാട് ടിക്കറ്റ് കൈവശമുള്ള ഭക്തര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പരാതി അറിയിച്ചാലും ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഉച്ചയ്ക്ക് മുന്‍പ് സന്നിധാനത്ത് എത്തിയാല്‍ മാത്രമേ സോപാനത്ത് നിന്ന് ഉച്ചപൂജ തൊഴാനാകൂ എന്ന നിബന്ധനയും ഭക്തരെ വലയ്ക്കുന്നു.ഇതോടൊപ്പം, രാവിലെ 11.30ന് ആരംഭിക്കുന്ന കളഭകലശ പൂജ, കലശ എഴുന്നള്ളത്ത്, തുടര്‍ന്ന് നടക്കുന്ന കളഭാഭിഷേകം എന്നിവയിലും വഴിപാട് ബുക്ക് ചെയ്തവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുവെന്ന് ഭക്തര്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് സാമ്പത്തിക നഷ്ടത്തിന് പുറമെ മാനസിക വിഷമവും ഉണ്ടാക്കുന്നുവെന്നാണ് പരാതി.വൈകിട്ട് 6.30 മുതല്‍ 9 വരെ നടക്കുന്ന പുഷ്പാഭിഷേകവും ഇതേ പ്രതിസന്ധി നേരിടുകയാണ്. ഓണ്‍ലൈനായി പുഷ്പാഭിഷേകം ബുക്ക് ചെയ്ത പലരും ക്യൂവില്‍ വൈകി എത്തുന്നതിനാല്‍ വഴിപാട് കാണാന്‍ കഴിയാതെ മടങ്ങേണ്ടിവരുന്നു. ഒരിക്കല്‍ വഴിപാട് നേരിട്ട് കാണാന്‍ കഴിയാതിരുന്നാല്‍ അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നതും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മുന്‍കൂട്ടി മടക്ക ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ എടുത്ത് വരുന്ന തീര്‍ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.ഇത്തരത്തില്‍ വഴിപാട് നേരിട്ട് നടത്താനാകാതെ മടങ്ങുന്നവര്‍ പിന്നീട് വഴിപാടുകള്‍ നടത്താന്‍ താത്പര്യം കാണിക്കാതിരിക്കുകയും, ഇത് ദേവസ്വം ബോര്‍ഡിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ ചോറൂണ്‍ പോലുള്ള ചടങ്ങുകളും ഉച്ചയ്ക്ക് മുന്‍പ് മാത്രമേ നടത്താനാകൂ എന്നതിനാല്‍ നീണ്ട ക്യൂകള്‍ തീര്‍ഥാടക യാത്രാക്രമീകരണങ്ങളെ പൂര്‍ണമായും താളം തെറ്റിക്കുന്ന അവസ്ഥയാണെന്ന് പറയുന്നു.ഓണ്‍ലൈന്‍ വഴിപാട് ബുക്ക് ചെയ്തവരെ അധിക സമയം ക്യൂവില്‍ നിര്‍ത്താതെ, പമ്പയിലും മരക്കൂട്ടത്തും ടിക്കറ്റ് പരിശോധിച്ച് പ്രത്യേക സൗകര്യം ഒരുക്കി വേഗത്തില്‍ സന്നിധാനത്ത് എത്തിക്കാന്‍ സംവിധാനം വേണമെന്നാണ് ഭക്തരുടെ പ്രധാന ആവശ്യം.


