വാര്‍ഡുകളില്‍ വോട്ട് വര്‍ധിപ്പിക്കുന്നവര്‍ക്ക്എഐസിസി പാരിതോഷികം നല്‍കും: കെ.സി വേണുഗോപാൽ എം പി

വയനാട്‌ ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃത്വ ക്യാമ്പ് ലക്ഷ്യ 2026 ഉദ്ഘാടനം ചെയ്ത് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി സംസാരിക്കുന്നു.

Advertisements

കൽപ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം മണ്ഡലം ബൂത്ത് കമ്മിറ്റികളോടും പ്രവര്‍ത്തകരോടൊപ്പം, ജയിച്ച പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കുംനല്‍കണമെന്ന നിര്‍ദ്ദേശവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സ്വന്തം വാര്‍ഡില്‍ 100 വോട്ടെങ്കിലും വര്‍ദ്ധിപ്പിക്കുക എന്ന ടാര്‍ഗറ്റ് നല്‍കണം.അങ്ങനെ വോട്ട് വര്‍ദ്ധിപ്പിക്കുന്നതിനായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന വാര്‍ഡ് മെമ്പര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എഐസിസിയുടെ പാരിതോഷികം നല്‍കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാമതും പിണറായിയെന്ന് പറയാന്‍
സിപിഎമ്മുകാര്‍ക്ക് നാണക്കേട്:

കേരളത്തില്‍ ‘മൂന്നാം പിണറായി ഭരണത്തെക്കുറിച്ച്’ പറയാന്‍ സിപിഎമ്മുകാര്‍ക്ക് തന്നെ നാണമാണെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു. കാരണം കേരള ജനത അതിനെ എങ്ങനെ കാണുന്നു എന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൃത്യമായി കാണിച്ചു കൊടുത്തു. സര്‍ക്കാരിനെതിരായ ജനവികാരം തദ്ദേശ തിരഞ്ഞെടുപ്പില് യുഡിഎഫിന് അനുകൂലമായി.അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനം ഫലം കണ്ടു. പാര്‍ട്ടി പ്രവര്‍ത്തകന്റെ മനക്കരുത്തിന്റെ കൂടി വിജയമാണിത്.

ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍.കേരള ഭരണം തങ്ങളുടെ തറവാട്ട് സ്വത്താണെന്ന് കരുതി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുസര്‍ക്കാരിനെതിരായ ജനവികാരമാണ് കാലത്തിന്റെ ചുവരെഴുത്ത്. പിണറായി വിജയനെ ചൂണ്ടി ആരും കോണ്‍ഗ്രസിനെ താരത്മ്യം ചെയ്യേണ്ട. പിണറായി വിജയനെപ്പോലെ ശക്തരായ നിരവധി നേതാക്കളാല്‍ സമ്പന്നമാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയും അധികാരവും പിടിച്ചെടുത്ത് ഏകാധിപത്യ രീതിയില്‍ സ്വയം പ്രഖ്യാപിത നേതാവായി മാറിയ വ്യക്തിയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരമില്ലാഞ്ഞിട്ടും വലിയ ജനപിന്തുണ കോണ്‍ഗ്രസിനും മുന്നണിക്കും ലഭിച്ചു. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പൊതുശത്രുവായി കണ്ടു. എന്നിട്ടും ഒന്നും ഒന്നും രണ്ടല്ല രാഷ്ട്രീയത്തില്‍ എന്നുള്ള ഏറ്റവും ശക്തമായ മറുപടി വന്‍വിജയത്തിലൂടെ കേരള ജനത യുഡിഎഫിന് സമ്മാനിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും കേരളത്തില്‍ ബിജെപി വലിയ നേട്ടം ഉണ്ടാങ്കിയെന്ന് തരത്തില്‍ ദേശീയതലത്തില്‍ വന്‍ പ്രചരണം അവര്‍ നടത്തി. മുന്‍കാലത്തെ വോട്ട് ശതമാനം മാത്രമാണ് ഇത്തവണയും ബിജെപി നേടിയത്.

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന
വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഎമ്മും ബിജെപിയും:

തദ്ദേശഭരണ തിരഞ്ഞെടിപ്പിലെ യുഡിഎഫിന്റെ വിജയത്തെ അതിജീവിച്ച് നിയമസഭയില്‍ പരാജയപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും അവരുടെ രാഷ്ട്രീയ പരീക്ഷണശാലകളില്‍ ചില പുതിയ കരുക്കള്‍ ഒരുക്കുന്ന ശ്രമത്തിലാണെന്നും അതിന്റെ ഭാഗമായി കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളെന്ന വാര്‍ത്ത സൃഷ്ടിക്കുകയാണ് അവരുടെ തന്ത്രമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതിന് പറ്റിയത് ഈ ദ്വിദിന ക്യാമ്പില്‍ നിന്ന് കിട്ടുമോയെന്നാണ് നോക്കുന്നത്. മുഖ്യമന്ത്രി പദം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും എംപിമാരുടെ മത്സര സന്നദ്ധത തുടങ്ങിയ ചര്‍ച്ചകളുടെ ഉറവിടം അതിന്റെ ഫലമായി പരുവപ്പെട്ടതാണ്. ലോക്‌സഭയിലും തദ്ദേശ സ്ഥാപനങ്ങളിലും നടന്ന തിരഞ്ഞെടുപ്പില്‍ ദയനീയപരാജയം ഏറ്റിവാങ്ങിയ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന ഏക കച്ചിത്തുരുമ്പ് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കുക എന്ന പരീക്ഷണമാണ്. അതിനാല്‍ അത്തരം വാര്‍ത്തകള്‍ക്ക് അവസരം സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രത നാം കാട്ടണം.യുഡിഎഫിന്റെ മുന്നേറ്റം സിപിഎമ്മിനെയും ബിജെപിയേയും നിരാശപ്പെടുത്തിയെന്നും വേണുഗോപാല്‍ പറഞ്ഞു.

ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍
നൂറ് സീറ്റ് നേടുക:

നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് നേടുകയെന്നതാണ് ലക്ഷ്യമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി മാര്‍ഗരേഖക്കനുസരിച്ച് നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തും. വിജയസാധ്യത തന്നെയാണ് പ്രധാന മാനദണ്ഡം. കേരളത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി എഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുമായിട്ട് ആലോചിച്ച് അവര്‍ ഷെഡ്യൂള്‍ തയ്യാറാക്കും. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കും. ചെറുപ്പക്കാര്‍, വനിതകള്‍ എല്ലാവരും ചേര്‍ന്ന ഒരു ബ്ലെന്‍ഡ് ആയിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക. പ്രഖ്യാപനം വരുന്നതിന് മുന്‍പ് ഇന്നയാള്‍ സ്ഥാനാര്‍ത്ഥിയാകും എന്ന സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളെ പൊതുവേദിയില്‍ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.

കെപിസിസി, ഡിസിസി ഭാരവാഹികളുടെയും നേതാക്കളുടെയും പ്രവര്‍ത്തനം പാര്‍ട്ടിയോട് ഉത്തരരവാദിത്തോടെയുള്ളതാകണം. വരുന്ന നാലുമാസത്തേക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള ഒരു ഒഴികഴിവും സ്വീകരിക്കില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് വിഴുപ്പലക്കലുകള്‍ മാത്രമായി ദ്വിദിന ക്യാമ്പ് മാറ്റരുതെന്ന് അഭിപ്രായപ്പെട്ട വേണുഗോപാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, പരാതികള്‍ ഉണ്ടെങ്കില്‍ അത് നേതൃത്വത്തിന് എഴുതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താന്‍ ജയിച്ചില്ലെങ്കില്‍ ഒന്നും വേണ്ടെന്നത് കോണ്‍ഗ്രസിന്റെ സിസ്റ്റമല്ല. അത്തരം അപശബ്ദം കോണ്‍ഗ്രസിന്റേതല്ല. ഒറ്റക്കെട്ടായിയെടുക്കുന്ന പൊതുചിന്താഗതികള്‍ക്ക് എതിരായിട്ട് ഒറ്റപ്പെട്ടവര്‍ എവിടെയെങ്കിലും ശബ്ദം ഉണ്ടാക്കുന്നെങ്കില്‍ ആ ശബ്ദത്തെ അവഗണിക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്യുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്. അത്തരക്കാര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നല്ല താന്‍ പറയുന്നതെന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ അത്തരക്കാര്‍ ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കൂട്ടിച്ചേര്‍ത്തു.

തൊഴിലുറപ്പ് പദ്ധതിയെ
നരേന്ദ്ര മോദി സര്‍ക്കാര്‍ കശാപ്പ് ചെയ്തു

തൊഴിലുറപ്പ് നിയമഭേദഗതി ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത നരേന്ദ്രമോദി സര്‍ക്കാര്‍ തകര്‍ത്തെന്നും അതിനെതിരെ കോണ്‍ഗ്രസ് ദേശീയവ്യാപക പക്ഷോഭത്തിലാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പദ്ധതിയ്ക്ക് മഹാത്മാ ഗാന്ധിജിയുടെ പേര് മാറ്റുക എന്ന മഹാപാതകത്തിലൂടെ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന ഗ്രാമസ്വരാജ് സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും അട്ടിമറിച്ചു. പദ്ധതിയില്‍ കൂലിയിനത്തിലെ കേന്ദ്രവിഹിതം 60 ശതമാനമാക്കി. കേരളം പോലും 2000 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. മറ്റുചില സംസ്ഥാനങ്ങള്‍ക്കിത് 6000-7000 കോടി രൂപ വരെയാണ്. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ കയ്യിലേക്ക് കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിച്ച് വികേന്ദ്രീകരണം എന്ന ആശയത്തെ തകര്‍ത്തു. സംസ്ഥാനത്തെ ഒരു പഞ്ചായത്തില്‍ ഈ പദ്ധതി വേണമോയെന്ന് തീരുമാനിക്കാനുള്ള അധികാരം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് ചുരുക്കി. അതിലൂടെ ലോകം കണ്ട ഏറ്റവും വലിയ തൊഴില്‍ദാന പദ്ധതിയായിട്ടുള്ള തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്ര മോദി സര്‍ക്കാര്‍ കശാപ്പ് ചെയ്തു.

പിഎംശ്രീ,ലേബര്‍ കോഡ് ദേശീയപാത തകര്‍ച്ച എന്നിവയില്‍ ബിജെപിയുമായിട്ടുള്ള സിപിഎമ്മിന്റെ അവിഹിത കൂട്ടുകെട്ടുണ്ട്. എല്ലാ ജില്ലക ളിലും ദേശീയപാത തകരുകയാണ്. വലിയ അഴിമതിയാണ് നടന്നത്. റോഡ് നിര്‍മ്മാണം പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റി. അഴിമതിയെ ഇരുവരും പരസ്പരം ന്യായീകരിക്കുകയാണ്. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് അവരുടെ അണികളെ ചതിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Hot Topics

Related Articles