ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംങ്ങ് : വിരാടിന് വീണ്ടും ഒന്നാം സ്ഥാനം

ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. മുന്‍പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്‍മ കോലിയുടെ മുന്നേറ്റത്തോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വെറ്ററന്‍ താരം ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ന്യൂസിലന്‍ഡിനെതിരേ വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ പ്രകടനമാണ് കോലിയെ വീണ്ടും റാങ്കിംഗിന്റെ മുകളിലെത്തിച്ചത്. കോലിക്ക് പിന്നില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ടാം സ്ഥാനത്താണ്.

Advertisements

തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് 11-ാം തവണയാണ് കോലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയില്‍ 135, 102, പുറത്താകാതെ 65 എന്നീ സ്‌കോറുകളാണ് കോലി നേടിയത്. ഒക്ടോബറില്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്നതും റാങ്കിംഗ് മുന്നേറ്റത്തിന് സഹായകമായി.
കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ തുടര്‍ച്ചയായി അമ്പത് റണ്‍സ് കടന്ന കോലി ആകെ 469 റണ്‍സാണ് നേടിയത്. രണ്ട സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും ഇതിലുണ്ട്. നിലവില്‍ കോലിക്ക് 785 റേറ്റിംഗ് പോയിന്റുകളാണുള്ളത്. രോഹിത് ശര്‍മക്ക് 775 റേറ്റിംഗ് പോയിന്റുകളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2013 ഒക്ടോബറിലാണ് കോലി ആദ്യമായി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയത്. ഇതുവരെ ആകെ 825 ദിവസം ഒന്നാം സ്ഥാനത്ത് തുടരുന്ന കോലി, ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം റാങ്കിലിരുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനായി തുടരുന്നു. ഐസിസിയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നിലവില്‍ കോലി പത്താം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഒന്നാമത്.

അതേസമയം, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ നേടിയ 84 റണ്‍സാണ് ഡാരില്‍ മിച്ചലിനെ രണ്ടം സ്ഥാനത്തെത്താന്‍ സഹായിച്ചത്. വരും മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.ഇന്ത്യന്‍ താരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനത്താണ്. കെ.എല്‍. രാഹുല്‍ ഒരു സ്ഥാനം മുന്നേറി 11ാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ പേസര്‍ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി.

Hot Topics

Related Articles