കുറിച്ചിത്താനം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഷ്ടപദി മത്സരത്തിൽ എ ഗ്രേഡ് നേടി ശ്രേയസ് ശ്രദ്ധേയ നേട്ടം കൈവരിച്ചു. ജയദേവകവിയുടെ ഗീതാഗോവിന്ദത്തിലെ അഞ്ചാം അഷ്ടപദിയായ ‘രാസേ ഹരിമിഹ…’ ആലപിച്ചാണ് ശ്രേയസ് ഈ അംഗീകാരം നേടിയത്. എട്ട് പദങ്ങളടങ്ങിയ ഈ അഷ്ടപദിയിൽ ഓരോ പദവും വ്യത്യസ്ത രാഗങ്ങളിലായതിനാൽ രാഗഭാവം ചോരാതെ അവതരിപ്പിക്കുക ഏറെ ശ്രമകരമായിരുന്നുവെങ്കിലും ശ്രേയസ് അതിവിശേഷമായ മികവോടെയാണ് അവതരണം നടത്തിയത്.
നിതാന്ത പരിശ്രമത്തിന്റെയും അർപ്പണത്തിന്റെയും ഫലമായാണ് ഈ നേട്ടമെന്ന് കുടുംബാംഗങ്ങളും ഗുരുക്കന്മാരും അഭിപ്രായപ്പെട്ടു. മലയാളക്കരയുടെ അഭിമാനമായ സോപാന സംഗീതജ്ഞൻ ശ്രീ. ഏലൂർ ബിജു ഗുരുസ്ഥാനത്ത് നിന്നു നൽകിയ പരിശീലനവും അനുഗ്രഹവും ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകമായി. ബിജു മാഷ് കാണിച്ച പ്രത്യേക സ്നേഹവും ക്ലാസ്സുകളും ശ്രേയസിന്റെ കലാപ്രവർത്തനങ്ങൾക്ക് വലിയ കരുത്തായി.
എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ത്യാഗവും ആത്മാർപ്പണവും ഉണ്ടെന്നതിന്റെ ഉദാഹരണമാണ് ഈ വിജയമെന്നും ശ്രേയസിന്റെ അമ്മ ലക്ഷ്മിയുടെ സമർപ്പണം പ്രത്യേകം ശ്രദ്ധേയമാണെന്നും ബന്ധുക്കൾ പറഞ്ഞു. സോപാന സംഗീതത്തോടുള്ള അവരുടെ വലിയ ഇഷ്ടമാണ് ശ്രേയസിനെ ബിജു മാഷിന്റെ അരികിലെത്തിച്ചത്. നിരവധി ദിവസങ്ങളിൽ അവധി എടുത്ത് ക്ലാസ്സുകളിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഈ നേട്ടത്തിന് അടിത്തറയായി.
ഇടയ്ക്കയിലെ പരിശീലനങ്ങളിൽ സഹായവും മാർഗനിർദേശവും നൽകിയ, ഈയിടെ അന്തരിച്ച തൃക്കാരിയൂർ സുരേഷ് മാരാർ ആശാന്റെ സംഭാവനകളും ശ്രേയസ് സ്മരിച്ചു. കൂടാതെ കലാമണ്ഡലം പുരുഷോത്തമൻ, വിഷ്ണു, വിശ്വപ്രസാദ് എന്നിവർ നൽകിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു.
സംഗീത പരിശീലനത്തിൽ പങ്കുവഹിച്ച ശ്രീഷ ടീച്ചർ, ജിൻസ് ഗോപിനാഥ്, സുമിഷ എന്നിവർക്കും, ശ്രേയസിനെ വളർത്തിയെടുത്ത കുറിച്ചിത്താനം സ്കൂളിലെ അധ്യാപകർക്കും, മികച്ച പ്രോത്സാഹനം നൽകിയ സ്കൂൾ മാനേജർ പഴയിടം മോഹനൻ നമ്പൂതിരിക്കും കുടുംബം നന്ദി രേഖപ്പെടുത്തി. ശ്രേയസിന്റെ അച്ഛൻ പ്രമുഖ സ്പോർട്സ് ലേഖകനും ഇപ്പോൾ ജന്മഭൂമി ദിനപത്രത്തിൽ ന്യൂസ് എഡിറ്ററുമാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഷ്ടപദിയിൽ എ ഗ്രേഡ്: ശ്രേയസിന് അഭിമാന നേട്ടം

Advertisements

