വയനാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിൻ ശശിധരനെ ആണ് കേണിച്ചിറ പോലീസ് പിടികൂടിയത്.
കേണിച്ചിറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നത്. 2024 മുതല്‍ ലൈംഗിക ഉദ്ദേശത്തോടെ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയുടെ ഫോട്ടോകള്‍ കൈക്കലാക്കിയ പ്രതി, അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഇയാള്‍ സന്ദേശമയച്ചതായി പരാതിയില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐടി ആക്‌ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേണിച്ചിറ പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാർ, എഎസ്‌ഐ ദിലീപ് കുമാർ, സിപിഒമാരായ അജിത്, ജിഷ്ണു, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് കായംകുളത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


