ടെൽ അവീവ്: ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ള അതിർത്തി കടന്ന് മിസൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ. ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഒരു വർഷത്തിലേറെയായി ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ആക്രമണങ്ങളിൽ ചിലത് തടഞ്ഞെന്നും മറ്റ് പലതും തുറസ്സായ സ്ഥലങ്ങളിലാണ് പതിച്ചതെന്നും എന്നാൽ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ ഇസ്രായേലിനെതിരെ ഹിസ്ബുള്ള ആക്രമണം ആരംഭിച്ചത്. ഹിസ്ബുള്ളയ്ക്ക് എതിരെ പൂർണ്ണ ശക്തിയോടെ ആക്രമണം നടത്തുമെന്ന് ഐഡിഎഫും അറിയിച്ചിരുന്നു. ഇറാനിയൻ ഭരണകൂടത്തിന്റെ തണലിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള എന്ന ഭീകര സംഘടന രാജ്യത്തെ പൗരന്മാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടെന്നും ഇസ്രായേലിനെതിരെ പോരാടാനുള്ള ഹിസ്ബുള്ളയുടെ തീരുമാനത്തിനെതിരെ പ്രവർത്തിക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഇസ്രായേലിന് ഭീഷണിയാകാനോ ജനങ്ങൾക്ക് ദോഷം വരുത്താനോ ഭീകര സംഘടനയെ അനുവദിക്കില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎസും ഇസ്രായേലും സംയുക്ത ആക്രമണം തുടരുന്നതിനിടെയാണ് ഇറാനൊപ്പം ചേർന്ന് ഹിസ്ബുള്ള ലബനനിൽ നിന്ന് മിസൈൽ ആക്രമണം നടത്തിയത്. ഹിസ്ബുള്ള ഒപ്പം ചേർന്നതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവെന്നാണ് ഐഡിഎഫ് പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണം കാരണം വലിയ പ്രതിസന്ധി നേരിടേണ്ടി വന്നെങ്കിലും ഹിസ്ബുള്ള ഇപ്പോഴും ഇറാനോട് ചേർന്നു നിൽക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.


