ദുബായ്: മധ്യേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന വിവേചനരഹിതവും പ്രകോപനപരവുമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഏഴ് പ്രമുഖ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. അപകടകരമാണെന്നും യാതൊരുവിധത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പ്രസ്താവനയിൽ പറയുന്നു. യുഎഇ, ബഹ്റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎസ് എന്നീ രാജ്യങ്ങളുടേതാണ് സംയുക്ത പ്രസ്താവന.
ഇറാന്‍റെ നടപടികൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും സമാധാനപരമായ ജനജീവിതത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നും രാജ്യങ്ങൾ കുറ്റപ്പെടുത്തി. ഇറാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങൾ മേഖലയിലെ സുസ്ഥിരതയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് വ്യക്തമാക്കിയ ഈ രാജ്യങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ അവകാശം ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ സംഘർഷം പടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം അതീവ ഗൗരവത്തോടെയാണ് ഈ സംയുക്ത പ്രസ്താവനയെ നോക്കിക്കാണുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രംപിന്‍റെ നിർണായക പ്രതികരണം
അതേസമയം, ഇറാനുമായുള്ള സൈനിക സംഘർഷം എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നു. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. ഡെയ്‌ലി മെയിലിന് നൽകിയ ഹ്രസ്വമായ ടെലിഫോൺ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതിൽ കുറവോ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി.


