ദില്ലി: പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരുടെ സുരക്ഷയിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്ര മന്ത്രിസഭാ സമിതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗം ഗള്‍ഫ് രാജ്യങ്ങളിലെയടക്കം നിലവിലെ സാഹചര്യം വിലയിരുത്തി. ഫെബ്രുവരി 28ന് ഇറാനിലുണ്ടായ വ്യോമാക്രമണവും അതിനുശേഷം സംഘര്‍ഷം വ്യാപിച്ചതും ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെയുള്ള ഇറാന്‍റെ ആക്രമണവും അടക്കം യോഗം ചര്‍ച്ച ചെയ്തു. ഗള്‍ഫ് മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷയിൽ യോഗം അതീവ ആശങ്ക അറിയിച്ചു.
പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെയും വിമാന യാത്രക്കാരുടെയും പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്തു. വിഷയത്തിൽ പരിഹാര നടപടികള്‍ക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നൽകി. ചർച്ചയിലൂടെ എത്രയും വേഗം സംഘർഷം പരിഹരിക്കേണ്ടത് അനിവാര്യമെന്നും മന്ത്രിസഭാ സമിതി വിലയിരുത്തി. അതേസമയം, കറാച്ചിയിൽ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. കറാച്ചിയിൽ കുടങ്ങിയ മലയാളികള്‍ ശ്രീലങ്കയിലേക്ക് വിമാനം കയറി. പാലക്കാട് സ്വദേശിയായ കൃഷ്ണദാസും ഭാര്യയും മകളുമാണ് കുവൈറ്റിലേക്കുള്ള യാത്രക്കിടെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ യുഎഇ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് മോദി നന്ദി അറിയിച്ചു.
“യുഎഇ പ്രസിഡന്‍റായ എന്‍റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. യുഎഇയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ യുഎഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തോടുള്ള കരുതലിന് അദ്ദേഹത്തിന് നന്ദി പറഞ്ഞു. സംഘർഷം ലഘൂകരിക്കൽ, സുരക്ഷ, സ്ഥിരത എന്നിവയെ ഞങ്ങൾ പിന്തുണയ്ക്കുന്നു”- എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ്.
ഇന്നലെ ഇറാൻ – ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് യുഎഇക്കാണ്.
ഇറാന്‍റെ ആക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം താത്ക്കാലികമായി അടച്ചിട്ടുണ്ട്.


