കോട്ടയം: കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ഡ്രോൺ ദീദി അംഗങ്ങൾക്കായി സംസ്ഥാനതല പരിശീലന ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ മിഷനും മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസും സംയുക്തമായി എം.ജി. സർവകലാശാല ക്യാമ്പസിൽ സംഘടിപ്പിച്ച ശില്പശാലയുടെ ആദ്യദിനത്തിൽ സാങ്കേതിക ക്ലാസുകൾ നടന്നു.
രണ്ടാം ദിവസം ഡ്രോൺ പറത്തുന്നതിനുള്ള പ്രായോഗിക പരിശീലനവും ഫീൽഡ് സെഷനും നടക്കും.
ശില്പശാല സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ് പ്രൊഫസറും ഡീനും ആയ ഡോ. ബൈജു കെ. ആർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് പദ്ധതി അവതരണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ പ്രകാശ് ബി. നായർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ഷമീന പി. എൻ., അതിരമ്പുഴ സിഡിഎസ് ചെയർപേഴ്സൺ ലതാരാജൻ, സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ് കോഴ്സ് കോഡിനേറ്റർ ഡോ. എബിൻ വർഗീസ്, ഏഷ്യ സോഫ്റ്റ് മാനേജിംഗ് ഡയറക്ടർ നിഷാദ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഡ്രോൺ ദീദി അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. കാർഷിക രംഗത്ത് ഡ്രോൺ സാങ്കേതിക വിദ്യയുടെ പ്രായോഗിക ഉപയോഗം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോണുകളുടെ പ്രവർത്തനരീതികൾ, മെയിന്റനൻസ്, റിപ്പയറിങ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. നാളെ നടക്കുന്ന രണ്ടാം ദിനത്തിൽ ഡ്രോൺ പറത്തുന്നതിനുള്ള പ്രായോഗിക പരിശീലനവും ഫീൽഡ് തല പ്രദർശനവും നടക്കും.


