കോട്ടയം: ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസിൽ നിന്നും ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിന് എതിരെ പ്രതിഷേധവുമായി സഭകൾ. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസിന് അർഹമായ പരിഗണന നൽകുന്നില്ലെന്നും, ഇത് പാടില്ലെന്നും കേരള കോൺഗ്രസിനു യുഡിഎഫിനുള്ളിൽ പരിഗണന നൽകണമെന്നുമുള്ള നിലപാടുമായാണ് സഭകൾ രംഗത്ത് എത്തിയത്. ഇതോടെ കേരള കോൺഗ്രസിൽ നിന്നും ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കുന്നതിന് എതിരെ കടുത്ത പ്രതിഷേധമാണ് സഭകളിൽ നിന്നും ഉയരുന്നത്. ഇതോടെ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം കോൺഗ്രസ് ഉപേക്ഷിച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്നു രാത്രിയിൽ തിരുവനന്തപുരത്ത് ചേരുന്ന ചർച്ചയിൽ തീരുമാനം ഉണ്ടായേക്കും.
സഭകൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് ഏറ്റുമാനൂർ. ഇവിടെ കോൺഗ്രസിനേക്കാൾ കേരള കോൺഗ്രസിനെയാണ് സഭ എന്നും പിൻതുണയ്ക്കുന്നത്. വിശ്വാസപരമായി പോലും സഭയുടെ ഏറെ പിൻബലം ഈ മണ്ഡലത്തിലുണ്ട്. അതിരമ്പുഴ പള്ളിയും, മാന്നാനം പള്ളിയും, മാന്നാനം അൽഫോൺസാമ്മാ ജന്മഗൃഹവും ചാവറ പിതാവിന്റെ തീർത്ഥാടന കേന്ദ്രവും എല്ലാം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലാണ്. ഈ സാഹചര്യത്തിൽ ഈ മണ്ഡലത്തിൽ തങ്ങൾ പിൻതുണയ്ക്കുന്ന തങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു സ്ഥാനാർത്ഥിയെയാണ് എല്ലാക്കാലത്തും സഭ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് ഇപ്പോൾ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം നടത്തുന്നതായുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഇതാണ് ഇപ്പോൾ ഇവിടെ ചർച്ചയായി മാറിയിരിക്കുന്നത്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ എല്ലാക്കാലത്തും കേരള കോൺഗ്രസുകളാണ് ശക്തികാട്ടിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഇതാണ് കോൺഗ്രസിനെ സീറ്റ് ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ,സീറ്റ് കോൺഗ്രസിനു വിട്ടു നൽകിയാൽ ഇത് വൻ തിരിച്ചടിയാകുമെന്ന് സഭ നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്.
കാലങ്ങളായി കേരള കോൺഗ്രസുകൾ തന്നെ മത്സരിക്കുന്ന സീറ്റ് കോൺഗ്രസ് ഏറ്റെടുക്കരുതെന്നും സഭകളുമായി ഏറ്റവും അടുത്ത് നിൽക്കുന്ന കേരള കോൺഗ്രസിനു തന്നെ വിട്ടു നൽകണമെന്നുമാണ് ഇവർ നിർദേശിക്കുന്നത്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് തന്നെ ഇവിടെ മത്സരിച്ചേയ്ക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. ഇന്ന് രാത്രിയിൽ നടക്കുന്ന ചർച്ചകളിൽ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകും.


