കോട്ടയം : തിരുപ്പതി – കൊല്ലം ട്രെയിനിനുള്ളിൽ യാത്രക്കാരുടെ വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ഡോബ് വേലി താനാ പലാവ കല്യാൻ ഷിൽ റോഡ് ലോധ കസ്ബെല്ല ഗോൾഡ് A 1402 ഷാഹുൽ ഹമീദി ( 46) നെയാണ് റെയിൽവേ പോലീസ് എസ് എച്ച് ഒ എസ് ഐ അനൂപ് സി നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് 21 ശനിയാഴ്ച രാവിലെ തിരുപ്പതി കൊല്ലം ട്രെയിനിൽ ആയിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും ജനറൽ ടിക്കറ്റ് എടുത്താണ് പ്രതിയായ ഷാഹുൽഹമീദ് ട്രെയിനിൽ കയറിയത്. തുടർന്ന് ടി ടി ഇയോട് അഭ്യർത്ഥിച്ച് ടിക്കറ്റ് സെക്കൻഡ് എ സി യിലേയ്ക്ക് കൺവേർട്ട് ചെയ്ത് എടുത്തു. തുടർന്ന് , എസി കമ്പാർട്ട്മെന്റിനുള്ളിൽ കയറിയ ശേഷം ഉറങ്ങിക്കിടന്ന യാത്രക്കാരുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ ഉണർന്നു നോക്കിയപ്പോഴാണ് മോഷണശ്രമം നടത്തുന്ന പ്രതിയെ കണ്ടത്. യാത്രക്കാർ ചേർന്ന് പ്രതിയെ പിടിച്ചുവച്ചു. ഈ സമയം ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷൻ പിന്നിട്ടിരുന്നു. തുടർന്ന് പ്രതിയെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറക്കി. പിന്നീട് , റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനുപ് സി നായർ, എസ് ഐ സന്തോഷ് കെ നായർ , എ എസ് ഐ വിനോദ് , പൊലീസുകാരായ ജുബിൻ , അനു ഡി , അരുൺ , ശ്യാം , മനു , ശ്രീജിത്ത് , ആർ പി എഫ് എ എസ് ഐ ഫിലിപ്പ് ജോൺ , കോൺസ്റ്റബിൾ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

