തൃപ്പൂണിത്തുറ: എറണാകുളം ജംഗ്ഷനേക്കാൾ തിരക്കേറിയ സ്റ്റേഷനായി ഇന്ന് തൃപ്പൂണിത്തുറ മാറിയിരിക്കുന്നു. മെട്രോ ടെർമിനലിന്റെ വരവോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. മെട്രോ ട്രെയിനുകളുടെ ഇടവേള കുറച്ചതും തൃപ്പൂണിത്തുറയിലെ തിരക്ക് മൂലമാണ്, ഇന്ന് മെട്രോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനമെത്തിക്കുന്നത് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റെഷനിൽ ഇറങ്ങുന്ന യാത്രക്കാരാണ്..
അസൗകര്യങ്ങളിൽ ക്ഷമനശിച്ച് യാത്രക്കാർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃപ്പൂണിത്തുറയിൽ നിന്ന് മണിക്കൂറുകൾ ട്രെയിനില്ലാത്ത അവസ്ഥയാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഉച്ചയ്ക്ക് 02.26 ന് പരശുറാം കടന്നുപോയാൽ വൈകുന്നേരം 05.37 ന് എത്തിച്ചേരുന്ന വേണാട് വരെ കോട്ടയം ഭാഗത്തേയ്ക്ക് ട്രെയിൻ ഇല്ലാത്തത് വലിയ ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. വേണാട് എത്തിയാൽ തന്നെ പലർക്കും ട്രെയിനിൽ കടന്നുകൂടാൻ പറ്റാത്ത തിരക്കാണ്. വാതിൽപ്പടിയിൽ തൂങ്ങികിടന്നാണ് പലരും യാത്ര ചെയ്യുന്നത്. അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ വാരാന്ത്യത്തിൽ പ്ലാറ്റ് ഫോമിലെ തിരക്ക് നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും റെയിൽവേ ഇപ്പോൾ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിലൂടെ വൈകുന്നേരത്തെ തിരക്ക് അതിരൂക്ഷമാണെന്ന് റെയിൽവേ ശരിവെയ്ക്കുകയാണ്.
വേണം, മെമു സർവീസ്
രാവിലെ സ്പെഷ്യൽ മെമു അനുവദിച്ചപ്പോൾ കൂടുതൽ യാത്രക്കാർ വീണ്ടും ട്രെയിനിലേയ്ക്ക് മടങ്ങിയെത്തുന്ന സാഹചര്യമുണ്ടായി. അതോടെ വൈകുന്നേരമുള്ള മടക്കയാത്ര കൂടുതൽ ദുരിതമായി മാറുകയായിരുന്നു. ഉച്ചയ്ക്കുള്ള പരശുറാം കടന്നുപോയാൽ വേണാടിന് മുന്നോടിയായി ഒരു മെമു / പാസഞ്ചർ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വൈകുന്നേരം കോട്ടയമെത്തുമ്പോൾ ട്രെയിനിൽ വീണ്ടും തിരക്ക് വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഇവിടെ തിരക്കിന് അടിയന്തിര പരിഹാരം കാണേണ്ടത് വളരെ അത്യാവശ്യമാണ്.
56317/18 പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കണം
വൈകുന്നേരം 03.42 എറണാകുളം ടൗണിൽ എത്തിച്ചേരുന്ന ഗുരുവായൂർ – എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിച്ചാൽ വേണാടിലെ തിരക്കിന് ആശ്വാസം കിട്ടുമെന്ന് യാത്രക്കാർ ഒന്നടങ്കം പറയുന്നു . കോട്ടയം വരെയുള്ള യാത്രക്കാർ തൃപ്പൂണിത്തുറയിൽ നിന്ന് ഒഴിവാകുന്നതോടെ ദീർഘദൂരയാത്രക്കാർക്ക് വേണാടിലെ യാത്ര ആയാസരഹിതമാകും. കോട്ടയത്ത് നിന്ന് വൈകുന്നേരം 05.40 നുള്ള കൊല്ലം മെമു കണക്ഷൻ ലഭിക്കുന്നതോടെ ഗുരുവായൂർ- എറണാകുളം പാസഞ്ചറിന്റെ എക്സ്റ്റെഷൻ കൊല്ലം വരെയുള്ള യാത്രക്കാർക്ക് ഫലത്തിൽ ഗുണം ലഭിക്കുന്നതാണ്. നിലവിലെ റേക്ക് ഷെയറിൽ ചെറിയ മാറ്റം വരുത്തിയാൽ ഗുരുവായൂർ -എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് നീട്ടുന്നതിൽ തടസ്സമില്ലെന്ന് റെയിൽവേ ടെക്നിക്കൽ/ഓപ്പറേഷണൽ വിഭാഗങ്ങളോട് അഭിപ്രായം തേടിയപ്പോൾ പങ്കുവെച്ചിരുന്നു. മൈന്റനൻസിനോ, മറ്റു സർവീസുകളെയോ ബാധിക്കാതെ അനായസം ദീർഘിപ്പിക്കാൻ കഴിയുന്ന ഒരു സർവീസാണ് 56317/18 ഗുരുവായൂർ -എറണാകുളം പാസഞ്ചർ. ജനപ്രതിനിധികളുടെ ഇടപെടലാണ് ഇനി ആവശ്യം.
സ്റ്റേഷനിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം.
അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തിയെങ്കിലും ഇവിടെ പണികൾ ഇഴഞ്ഞു നീങ്ങുകയാണ്. പല കാര്യത്തിലുമുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്.
ലിഫ്റ്റ് വർക്ക് അവസാനഘട്ടത്തിലാണ്. യാത്രക്കാരുടെ എണ്ണവും വരുമാനവുമായി തട്ടിച്ചു നോക്കുമ്പോൾ ലിഫ്റ്റ് പത്തു വർഷം മുമ്പേ വരേണ്ടതായിരുന്നതാണ് സത്യം. സ്റ്റേഷനിലെ ഓവർ ബ്രിഡ്ജിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കണം – മെട്രോ സ്റ്റേഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലെയ്ക്കുള്ള പാസേജിൽ AVTM / ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കണം. യാത്രക്കാർക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ റെയിൽവേ ഇവിടെ ഗവേഷണം നടത്തുകയാണ് തോന്നിപ്പോകുകയാണ്. കാലാനുസൃതമായ വികസനമല്ല ഇപ്പോൾ തൃപ്പൂണിത്തുറയിൽ നടക്കുന്നത്.
തെക്കൻ ജില്ലയിൽ നിന്ന് രാവിലെ തൃപ്പൂണിത്തുറയിലെത്തുന്ന ഓരോ ട്രെയിനും ഏറ്റവും കുറഞ്ഞത് 4 മെട്രോ സർവീസിനുള്ള യാത്രക്കാരെ സംഭാവന ചെയ്യുന്നുണ്ട്.
മൂന്നാം പ്ലാറ്റ് ഫോം അനിവാര്യം – നിലവിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനും മറ്റുമായി രണ്ടാം പ്ലാറ്റ് ഫോമിന്റെ ചുറ്റുമതിൽ പൊളിച്ചിരിട്ടിക്കുകയാണ്. ഇവിടെ ഒരു ട്രാക്ക് സ്ഥാപിച്ചാൽ മാത്രം പുതിയ ഒരു പ്ലാറ്റ് ഫോം തൃപ്പൂണിത്തുറയ്‌ക്ക് അധികമായി ലഭിക്കും. രണ്ടാം പ്ലാറ്റ് ഫോമുമായി അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുന്നതിനാൽ ഇവിടെ നിന്ന് ദീർഘ ദൂര സർവീസുകൾ വരെ ആരംഭിക്കാൻ സാധിക്കുന്നതാണ്..
ഇൻഫോ പാർക്കിലേയ്ക്കുള്ള മെട്രോ ഫീഡർ ബസ് സർവീസുകൾ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ആരംഭിച്ചാൽ യാത്രക്കാർക്ക് ട്രെയിൻ ഇറങ്ങിയാലുള്ള നടപ്പുദൂരം കുറയ്ക്കാൻ സാധിക്കും. മെട്രോ ഫീഡർ സർവീസ് ഉപയോഗിക്കുന്നതിൽ 99% യാത്രക്കാരും റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഫീഡർ സർവീസ് കരാർ റെയിൽവേ ഏറ്റെടുക്കണം
▫️എറണാകുളം ടൗൺ, ജംഗ്ഷൻ, സ്റ്റേഷനുകൾക്കൊപ്പം തൃപ്പൂണിത്തുറയും ബന്ധിപ്പിച്ചുകൊണ്ടുള്ള വികസനം സാധ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയിൽ നല്ല നാളെകളെ സ്വപ്നം കാണുകയാണ് തൃപ്പൂണിത്തുറ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ. എന്നാൽ വളരെ വേഗത്തിൽ പരിഹാരം കാണേണ്ട പ്രശ്നങ്ങൾക്ക് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ സംഘടനയായ “ഫ്രണ്ട്‌സ് ഓൺ റെയിൽസ് ” മുന്നോട്ട് വെയ്ക്കുന്നത്.

