ന്യൂഡല്‍ഹി: സിവില്‍ സർവീസില്‍ നിന്ന് രാജിവെച്ച് ആറര വർഷം പിന്നിട്ടിട്ടും രാജി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. തന്റെ ഔദ്യോഗിക പദവിയില്‍ നിന്നുള്ള വിടുതല്‍ വൈകിപ്പിക്കുന്നത് വഴി പ്രൊഫഷണല്‍ ജീവിതം തടസപ്പെടുത്തുകയാണെന്നും ഇത് മനഃപൂർവ്വമായ പീഡനമാണെന്നും അദ്ദേഹം ആരോപിച്ചു.
രാജി ഔദ്യോഗികമായി അംഗീകരിക്കാത്തതിനാല്‍ ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധിച്ചില്ലെന്ന് കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങള്‍ തിരിച്ചടിയാവുകയായിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ കത്തയച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019-ല്‍ കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ചാണ് ദാദ്ര-നഗർ ഹവേലിയില്‍ ഊർജ സെക്രട്ടറിയായിരുന്ന കണ്ണൻ ഗോപിനാഥൻ സർവീസില്‍ നിന്ന് രാജിവെച്ചത്. എന്നാല്‍ സർക്കാരിനെ വിമർശിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികള്‍ തുടരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൻ ഗോപിനാഥൻ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേർന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

