ചെന്നൈ : ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടർ തോല്‍വികള്‍ക്ക് കാരണം സഞ്ജു സാംസണല്ല, മറിച്ച് വിദേശ ബൗളർമാരുടെ മോശം പ്രകടനമാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
ഐപിഎല്ലില്‍ തുടർ തോല്‍വികളുമായി ഉഴലുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഏറ്റവും വലിയ തലവേദന സഞ്ജു സാംസണല്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സിഎസ്കെ കുപ്പായത്തില്‍ കളിച്ച ആദ്യ മൂന്ന് ഇന്നിംഗ്സിലും സഞ്ജുവിന് രണ്ടക്കം കടക്കാനായിരുന്നില്ല.
അഫ്ഗാനിസ്ഥാന്റെ മിസ്റ്ററി സ്പിന്നർ നൂർ അഹമ്മദാണ് നിലവില്‍ സിഎസ്കെയുടെ തോല്‍വിക്ക് പിന്നിലെ പ്രധാന കാരണക്കാരനെന്ന് പത്താൻ പറഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 43 റണ്‍സിന് ചെന്നൈ തോറ്റതിന് പിന്നാലെയാണ് പത്താന്റെ രൂക്ഷവിമർശനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തി സിഎസ്കെ ബൗളിംഗ് നിരയുടെ കുന്തമുനയായിരുന്ന നൂർ അഹമ്മദ്, ഈ സീസണില്‍ തീർത്തും നിറംമങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഈ സീസണില്‍ ഇതുവരെ എറിഞ്ഞ 10 ഓവറുകളില്‍ നിന്ന് 100 റണ്‍സിലധികം നൂർ അഹമ്മദ് വഴങ്ങിയെങ്കിലും ഇതുവരെ ഒരു വിക്കറ്റ് പോലും നേടാൻ അഫ്ഗാന്റെ മിസ്റ്ററി സ്പിന്നര്‍ക്കായിട്ടില്ല. 11.1 എന്ന മോശം ഇക്കോണമി റേറ്റിലാണ് നൂര്‍ അഹമ്മദ് പന്തെറിയുന്നത്.
നൂറിന്റെ റണ്ണപ്പിലെ പിഴവുകള്‍ അവന്റെ പന്തുകളുടെ ദിശ തെറ്റിക്കുന്നുവെന്ന് പത്താന് പറഞ്ഞു. റണ്ണപ്പ് ആംഗിള്‍ ശരിയാക്കിയാല്‍ പന്തെറിയുന്ന കൈ കൂടുതല്‍ നേരെയാക്കാനും പ്രകടനം മെച്ചപ്പെടുത്താനും കഴിയുമെന്നും പത്താൻ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. നൂറിന് പുറമെ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിക്കെതിരെയും പത്താൻ രംഗത്തെത്തി. അനുഭവസമ്പത്തുള്ള ഒരു വിദേശ താരത്തില്‍ നിന്ന് ഇത്രയും മോശം പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പത്താൻ പറഞ്ഞു. വിരാട് കോലി ക്രീസിന് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടിട്ടും ഹെൻറി ‘ഹാഫ് വോളി’ എറിഞ്ഞത് വലിയ പിഴവായിരുന്നുവെന്ന് പത്താൻ ചൂണ്ടിക്കാട്ടി.
18-ാം ഓവറില്‍ ടിം ഡേവിഡിനെ അന്‍ഷുല്‍ കാംബോജ് ബൗള്‍ഡാക്കിയെങ്കിലും ആ പന്ത് നോ ബോളായത് തിരിച്ചടിയായി. പിന്നീട് തുടര്‍ച്ചയായി ഓഫ് സ്റ്റം പിന് പുറത്ത് പന്തെറിഞ്ഞ് ഡേവിഡിന് തകര്‍ത്തടിക്കാന്‍ അന്‍ഷുല്‍ കാംബോജും ജാമി ഓവര്‍ടണും അവസരമൊരുക്കി. ഡേവിഡിനെ കുടുക്കണമെങ്കില്‍ മിഡില്‍ സ്റ്റംപിലോ ലെഗ് സ്റ്റംപിലോ പന്തെറിയണമായിരുന്നുവെന്നും തുടക്കത്തിലെ പിടിച്ചുകെട്ടാന ലഭിച്ച അവസരം ചെന്നൈ കൈവിട്ടുവെന്നും പത്താൻ പറഞ്ഞു.
സഞ്ജു സാംസണിന്റെ ഫോമില്ലായ്മ ചർച്ചയാകുമ്പോഴും, ചെന്നൈയുടെ യഥാർത്ഥ പ്രശ്നം ബൗളിംഗ് നിരയിലെ ഈ പാളിച്ചകളാണെന്ന് പത്താൻ അടിവരയിട്ടു. മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്.

