കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസം കലാശക്കൊട്ടെന്ന പേരിൽ നടക്കുന്ന പ്രചാരണ പരിപാടിയെ തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി. കോട്ടയം കഞ്ഞിക്കുഴി ആലുമ്മൂട്ടിൽ വീട്ടിൽ ഹാപ്പി കുര്യനാണ് ഇതു സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷന് ഇ മെയിൽ മുഖാന്തിരം പരാതി നൽകിയത്. പ്രവർത്തി ദിവസം ഇത്തരത്തിൽ റോഡിനു മധ്യത്തിൽ സാധാരണക്കാരായ ആളുകളെ ബുദ്ധിമുട്ടിച്ച് നടത്തുന്ന പ്രചാരണ പരിപാടി വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് പരാതി. കോട്ടയം നഗരമധ്യത്തിൽ ഗാന്ധിസ്ക്വയറിലാണ് വർഷങ്ങളായി ഈ പ്രചാരണ പരിപാടി അരങ്ങേറുന്നത്. ഇത് സാധാരണക്കാരായ ആളുകൾക്കും, ആശുപത്രികളിലേയ്ക്ക് അടക്കം പോകുന്ന രോഗികൾക്കും അടക്കം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എം.സി റോഡ് മണിക്കൂറുകളോളം ബ്ലോക്ക് ചെയ്താണ് വലിയ ഗതാഗതക്കുരുക്ക് ഈ സമയത്ത് സൃഷ്ടിക്കുന്നത്. ഇത് സാധാരണക്കാരായ ആളുകളെ വലിയ തോതിൽ പ്രതിസന്ധിയിലാക്കും. പൊലീസുകാർക്കും നാട്ടുകാർക്കും വഴിയാത്രക്കാർക്കും അടക്കം ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരം ഉപയോഗിച്ച് ഈ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന കലാശക്കൊട്ട് ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

