കൊച്ചി: സംസ്ഥാനം വിഷു ആഘോഷങ്ങളിലേക്ക് കടക്കവേ വിഷുക്കണിയും കൈനീട്ടവുമായി സപ്ലൈകോ വിഷു ചന്തകള് സജീവം. വിഷുവിൻ്റെ തലേദിവസം വരെയാണ് വിഷു ചന്തകള് പ്രവർത്തിക്കുക. മാവേലിസ്റ്റോറുകള് ഒഴികെ സപ്ലൈകോയുടെ എല്ലാ വില്പ്പനശാലകളിലും ചൊവ്വവരെ വിഷു ചന്തകള് പ്രവർത്തിക്കുമെന്നും സപ്ലൈകോ അറിയിച്ചു.
വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള് അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിന് ഒരുക്കിയിട്ടുണ്ട്. 101 രൂപയാണ് വിഷു കൈനീട്ടമായി ലഭിക്കുക. സപ്ലൈകോയുടെ മെഡിക്കല് സ്റ്റോർ, പെട്രോള് ബങ്ക്, എല്പിജി ഔട്ട്ലെറ്റ് എന്നിവ ഒഴികെയുള്ള വില്പ്പനശാലകളില്നിന്ന് 1000 രൂപയ്ക്കുമുകളില് സബ്സിഡി ഇതര സാധനങ്ങള് വാങ്ങുന്നവർക്കാണ് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ് ലഭിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂപ്പണുമായി വിഷുവിൻ്റെ പിറ്റേദിനമായ ഏപ്രില് 16 മുതല് മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പ്പനശാലകളില്നിന്ന് 1000 രൂപയ്ക്കുമുകളില് സബ്സിഡി ഇതര സാധനങ്ങള് വാങ്ങുമ്പോള് 101 രൂപ കിഴിവ് ലഭിക്കും.
വിഷുക്കണി കിറ്റ്
1250 രൂപയുടെ 16 അവശ്യസാധനങ്ങള് ഉള്പ്പെടുത്തിയുള്ള പ്രത്യേക വിഷുക്കണി കിറ്റ് സപ്ലൈകോ ഔട്ട്ലെറ്റുകളില് കിട്ടും. 1001 രൂപയ്ക്കാണ് സപ്ലൈകോ കിറ്റ് നല്കുന്നത്. ഈ കിറ്റില് പഞ്ചസാര, ചെറുപയര്, ശര്ക്കരപ്പൊടി, വന്പയര്, കടല, ശബരി (സേമിയ/ പാലട) പായസം മിക്സ്, പായസക്കൂട്ട്, മില്മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന് മസാല, ഗരം മസാല എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ശബരി ഉല്പ്പന്നങ്ങളും വേഗത്തില് വിറ്റഴിയുന്ന ഉപഭോക്തൃ ഉല്പ്പന്നങ്ങളും പ്രത്യേകനിരക്കില് വിഷു ചന്തകളില് ലഭ്യമാണ്.
ഏപ്രില് ഒന്നിനാണ് സംസ്ഥാനത്ത് സപ്ലൈകോ ഈസ്റ്റർ – വിഷു ചന്തകള് ആരംഭിച്ചത്. 35 ശതമാനംവരെ വിലക്കുറവിലാണ് പൊതുജനങ്ങള്ക്ക് സാധനങ്ങള് ലഭിക്കുന്നത്. സപ്ലൈകോ സൂപ്പർ സ്റ്റോറുകള്, സൂപ്പർ മാർക്കറ്റുകള്, ഹൈപ്പർ മാർക്കറ്റുകള്, പീപ്പിള്സ് ബസാറുകള്, സിഗ്നേച്ചർ മാർട്ടുകള് എന്നിവിടങ്ങളിലാണ് ചന്ത.
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില് കണ്സ്യൂമര്ഫെഡ് സഹകരണ വിഷു-ഈസ്റ്റര് സബ്സിഡി ചന്ത ഇന്ന് ആരംഭിക്കും. 21 വരെ തുടര്ച്ചയായി 10 ദിവസമാണ് ചന്തകള് പ്രവർത്തിക്കുക. പൊതു മാര്ക്കറ്റിനേക്കാള് 40 ശതമാനം വരെ വിലക്കുറവില് നിത്യോപയോഗ സാധനങ്ങള് ലഭ്യമാകും. ഇതിനുപുറമെ പതിമൂന്നിനം നിത്യോപയോഗ സാധനങ്ങളായ ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്, കടല, തുവരപ്പരിപ്പ്, വന്പയര്, മുളക്, മല്ലി, വെളിച്ചെണ്ണ, എന്നീ 13 ഇങ്ങള് സര്ക്കാര് സബ്സിഡിയോട് കൂടി ലഭിക്കും .

