തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. നിതിൻ രാജിന്റെ മരണത്തില്‍ വലിയ ദുരൂഹതകളുണ്ടെന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അധ്യാപകരില്‍ നിന്ന് ജാതിയുടെയും നിറത്തിന്റെയും പേരില്‍ നിതിൻ നേരിട്ട മാനസിക പീഡനങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇത്തരം പ്രവണതകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളജിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം സ്വദേശിയായ നിതിന്റെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണെന്നും അവർക്ക് നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

