ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി പഞ്ചാബ് മത്സരത്തിനിടെ നാടകീയ സംഭവങ്ങൾ. ഗ്രൗണ്ടിൽ തലയിടിച്ച് വീണ് ബോധരഹിതനായ ലുങ്കി എൻഡിനിയെ ആശുപത്രിയിലേയ്ക്കു മാറ്റാൻ കളി നടക്കുന്ന ഗ്രൗണ്ടിൽ ആംബുലൻസ് എത്തിച്ചു. ഡൽഹി പഞ്ചാബ് മത്സരത്തിന്റെ രണ്ടാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു നാടകീയ സംഭവങ്ങൾ. അക്‌സർ പട്ടേൽ എറിഞ്ഞ പന്ത് പഞ്ചാബ് താരം പ്രിയാൻഷ് ആര്യ ഉയർത്തിയടിയ്ക്കുകയായിരുന്നു. ഈ പന്ത് കയ്യിലൊതുക്കാൻ പിന്നിലേയ്ക്ക് ഓടിയ എൻഡിനിയ്ക്ക് അടിതെറ്റി. തല ഗ്രൗണ്ടിൽ ഇടിച്ച് എൻഡിനി വീണു. വീണ വീഴ്ചയിൽ ഗ്രൗണ്ടിൽ കിടന്ന എൻഡിനി ബോധരഹിതനായതായാണ് മെഡിക്കൽ റിപ്പോർട്ട്. തുടർന്ന് മെഡിക്കൽ സംഘം ആദ്യമെത്തി അദ്ദേഹത്തെ പരിശോധിച്ചു. തുടർന്ന് ആംബുലൻസ് മൈതാനത്ത് എത്തിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി കെ.എൽ രാഹുലിന്റെ (പുറത്താകാതെ 152) സെഞ്ച്വറിയുടെ ബലത്തിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി 264 റണ്ണാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംങിനായി പഞ്ചാബ് ഇറങ്ങി 2.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്ണെടുത്ത് നിൽക്കെയാണ് അപകടം ഉണ്ടായത്.ശനങ്കയെ സബ് സ്റ്റിറ്റിയൂട്ട് ഫീൽഡറാക്കി കളത്തിലിറക്കിയാണ് ഡൽഹി കളി തുടർന്നത്.

