ന്യൂഡൽഹി : ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ തലയിടിച്ച് വീണ ഡല്‍ഹി പേസർ ലുങ്കി എൻഗിഡിയെ ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലെത്തിക്കാനായി തിരക്കേറിയ ഡല്‍ഹി നഗരത്തില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ദില്ലി പൊലീസ്.പഞ്ചാബ് ഇന്നിംഗ്ഗിലെ മൂന്നാം ഓവറില്‍ പ്രിയാൻഷ് ആര്യയുടെ ക്യാച്ചിനായി പുറകോട്ട് ഓടിയ എൻഗിഡി നിയന്ത്രണം നഷ്ടപ്പെട്ട് തലയിടിച്ച് വീഴുകയായിരുന്നു. എന്‍ഗിഡിയെ ഉടൻ തന്നെ സ്ട്രെച്ചറില്‍ ആംബുലൻസിലേക്ക് മാറ്റി.
എന്‍ഗിഡിയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് പോകാനായി വൈകുന്നേരങ്ങളിലെ ഗതാഗതക്കുരുക്കിനിടയിലും ഡല്‍ഹി പോലീസ് മാതൃകാപരമായ ഇടപെടലാണ് നടത്തിയത്. സ്റ്റേഡിയത്തില്‍ നിന്ന് ബി.എല്‍.കെ-മാക്സ് ആശുപത്രിയിലേക്ക് ആംബുലൻസിന് തടസമില്ലാതെ കടന്നുപോകാനായാണ് പോലീസ് ‘ഗ്രീൻ കോറിഡോർ’ ഒരുക്കിയത്. തിരക്കുള്ള റോഡുകളില്‍ ട്രാഫിക് നിയന്ത്രിച്ചതോടെ വെറും 11 മിനിറ്റിനുള്ളില്‍ എന്‍ഗിഡിയെ ആശുപത്രിയിലെത്തിക്കാനായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻഗിഡിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഐപിഎല്‍ അധികൃതർ അറിയിച്ചു. പരിശോധനകള്‍ക്ക് ശേഷം താരത്തെ ഉടൻ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. തലയിടിച്ച് വീണ എൻഗിഡിക്ക് ശക്തമായ തലവേദനയും കഴുത്തിന് വേദനയും അനുഭവപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മുൻകരുതല്‍ എന്ന നിലയിലാണ് എന്‍ഗിഡിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ എന്‍ഗിഡിയുടെ ആരോഗ്യനില തൃപ്തികരമാണ്.ഹെഡ് ഇഞ്ചുറി (തലയ്ക്കുള്ള പരിക്ക്) പ്രോട്ടോക്കോള്‍ പാലിച്ചാണ് താരത്തെ ഉടൻ തന്നെ ആംബുലൻസില്‍ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി.

