കോട്ടയം: വടവാതൂർ ഭാഗത്തെ പാടശേഖരത്തെ കൃഷിയ്ക്കായി വെള്ളം കെട്ടി നിർത്തുന്നതിനെന്ന പേരിൽ മീനച്ചിലാറിൻ്റെ കൈവഴിയായ തോട്ടിലെ ഒഴുക്ക് മണൽനിറച്ച ചാക്ക് ഉപയോഗിച്ച് തടസപ്പെടുത്തിയതായി പരാതി. തോട്ടിലെ ഒഴുക്ക് നിലച്ചതോടെ മണർകാട് നാലുമണിക്കാറ്റ് പ്രദേശത്ത് വരൾച്ച രൂക്ഷമായതായും ആരോപണം ഉയർന്നു. പ്രദേശത്തെ വരൾച്ചയ്ക്ക് കാരണമായി തോട് അടച്ചു വച്ചത് തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റീന് പരാതി നൽകി.
വടവാതൂരിലെ പാടശേഖരത്തിൽ കൃഷിയ്ക്കായി റെജി എന്നയാൾ സെക്രട്ടറിയായി പാടശേഖര സമിതി രൂപീകരിച്ചിരുന്നു. ഈ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് ഈ പാടത്തിനു സമീപത്ത് കൂടി മീനച്ചിലാറിൻ്റെ കൈവഴിയായി മണർകാട് നാലു മണിക്കാറ്റ് ഭാഗത്തേയ്ക്ക് ഒഴുകുന്ന തോട് അടച്ചു കെട്ടിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ ഈ തോട് അടച്ചു കെട്ടിയതിനാൽ പ്രദേശത്തേയ്ക്കുള്ള മറ്റു തോടുകളിലും ഒഴുക്ക് പൂർണമായും നിലച്ച സാഹചര്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ ഒഴുക്ക് നിലയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആദ്യം തന്നെ പാടശേഖര സമിതി സെക്രട്ടറിയെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തുടർന്ന് പ്രദേശവാസികൾ മണർകാട്, വിജയപുരം കൃഷി ഓഫിസർമാരെയും ഫോണിൽ ബന്ധപ്പെട്ട് തങ്ങളുടെ പ്രദേശത്ത് ഉണ്ടായ സ്ഥിതി ബോധ്യപ്പെടുത്തി. എന്നാൽ, ഇവരുടെ ഭാഗത്തു നിന്നും അനുകൂല സ്ഥിതിയുണ്ടായിട്ടില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇതേ തുടർന്ന് മണർകാട് നാലുമണിക്കാറ്റ് പ്രദേശത്തെ കിണറുകൾ പോലും വറ്റുന്ന സാഹചര്യമാണ് എന്നാണ് നാട്ടുകാരുടെ പരാതി. ഈ കിണറുകൾ വറ്റുന്നത് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കി മാറ്റുന്നുമുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി പ്രദേശത്തേയ്ക്കുള്ള തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തിയത് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് കൂടാതെ സർക്കാരിന്റെ ഫണ്ട് വാങ്ങി തട്ടിപ്പ് രീതിയിലാണ് ഇവിടെ കൃഷി നടക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ പാടശേഖരത്തിൽ പമ്പിങ് നടക്കുന്നതിനു പിന്നിലും വൻ തട്ടിപ്പുണ്ട് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. പാടശേഖരത്തിൽ മുഴുവൻ സ്ഥലത്തും കൃഷി നടക്കുന്നുണ്ട് എന്ന് വിശ്വസിപ്പിച്ച് പമ്പിങ്ങിന് വൻ തുക എഴുതി എടുക്കുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, പാതി സ്ഥലത്ത് പോലും കൃഷി നടക്കാത്ത സാഹചര്യത്തിലാണ് മുഴുവൻ സ്ഥലത്തും പമ്പിങ് നടക്കുന്നതായി കാട്ടി പണം തട്ടിയെടുക്കുന്നത്. കൃഷി ഓഫിസർമാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. ഈ സംഭവത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രിയ്ക്കും വിജിലൻസ് മേധാവിയ്ക്കും പരാതിയും നൽകിയിട്ടുണ്ട്.

