കൊച്ചി / കോട്ടയം : മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് കൂടുതൽ ദൈവാലയങ്ങൾ. ചരിത്ര പ്രസിദ്ധമായ കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ മെയ് ആദ്യവാരം നടക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കാൻ ഇടവക ഭരണസമിതി തീരുമാനിച്ചു. മുണ്ടത്തിക്കോട് ദുരന്തരത്തിന്റെ പശ്ചാത്തലത്തിൽ സഭാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ നൽകിയ ആഹ്വാനം ഏറ്റെടുത്താണ് മാതൃകാപരമായ ചുവടുവെയ്പ്. വെടിക്കെട്ടിനായി ചെലവഴിക്കുന്ന പണം ഉപയോഗിച്ച് സ്നേഹഭവനം നിർമ്മിക്കുമെന്ന് ഇടവക വികാരി ഫാ. റോബിൻ മർക്കോസ് വ്യക്തമാക്കി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയും, കോട്ടൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്. ഇതിനായി നീക്കിവെച്ച തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഇടവകനേതൃത്വം അറിയിച്ചു. ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രങ്ങളായ പുതുപ്പള്ളി പള്ളിയും, ചന്ദനപ്പള്ളി വലിയപള്ളിയും വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി ദൈവാലങ്ങൾ പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നത്.
സ്നേഹമാതൃകയ്ക്ക് കൈയടി : പെരുന്നാൾ വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി, പകരം സ്നേഹഭവനം നിർമ്മിക്കും
Advertisements

