കൊച്ചി : വോട്ടെടുപ്പിനായി കേരളത്തില്‍ നിന്ന് പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ തിരിച്ചുവരുന്നില്ല. തൊഴിലാളി ക്ഷാമത്താൽ വലഞ്ഞ് സംസ്ഥാനം. നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍, ക്വാറികള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷത്തിലധികം ബംഗാളി, അസമീസ് തൊഴിലാളികള്‍ വോട്ടുചെയ്യാനാണ് നാട്ടിലേക്ക് പോയതെന്ന് യൂണിയനുകള്‍ പറയുന്നു.എസ്ഐആറിന്റെ ഭാഗമായി വോട്ട് ചെയ്തില്ലെങ്കില്‍ അവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഒരു പ്രചാരണം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് എല്ലാവരും നാട്ടിലേക്ക് പോയത്.
കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറിയ നിരവധി ബംഗാളി തൊഴിലാളികള്‍ വോട്ടെടുപ്പിന് ശേഷമുള്ള അക്രമ വാര്‍ത്തകള്‍ അറിഞ്ഞതിനെത്തുടര്‍ന്ന് യാത്ര പകുതിയില്‍ നിര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി തിരിച്ചു പോയതിനാല്‍ കേരളത്തിലേക്കുള്ള തിരിച്ചുവരവ് വൈകിയിരിക്കുകയാണ്.തൊഴിലുടമകള്‍ സൗജന്യ വിമാന ടിക്കറ്റുകളും വേതന വര്‍ദ്ധനവും വാഗ്ദാനം ചെയ്തിട്ടും അവര്‍ വരാന്‍ മടിക്കുകയാണ് ഇപ്പോൾ .
തൊഴിലും ഉയര്‍ന്ന വേതനവും ഉറപ്പാക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനം വിട്ടാല്‍ പുതുതായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയും കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ട്. ഈ തൊഴിലാളികളില്‍ പലരും വര്‍ഷങ്ങളായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിരുന്നു. ഈ സമയത്ത് അവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. അതുകൊണ്ട് തന്നെ തൊഴിലാളികള്‍ക്ക് ഉടന്‍ തന്നെ മടങ്ങിവരാന്‍ സാധ്യതയില്ലെന്ന് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടുകളും കെട്ടിടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലുതും ചെറുതുമായ നിര്‍മ്മാണ മേഖലകളെ ഒരുപോലെ ബാധിക്കുന്നു. വീടുകളുടെ നിര്‍മ്മാണത്തിലെ കാലതാമസം കരാറുകാരും വീട്ടുടമസ്ഥരും തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമായിട്ടുണ്ട്. ഹോട്ടലുകള്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു. പെരുമ്പാവൂരിലെ തടി വ്യവസായവും തിരിച്ചടി നേരിടുന്നു. കശുവണ്ടി, ഇറക്കുമതി, കയറ്റുമതി മേഖലകളിലും പ്രതിസന്ധിയുണ്ട്. കേരളത്തില്‍ ആകെ 15 ലക്ഷം ബംഗാളി കുടിയേറ്റ തൊഴിലാളികളും 12 ലക്ഷം ആസാമീസ് കുടിയേറ്റ തൊഴിലാളികളുമുണ്ട്. പ്രതിവര്‍ഷം 60,000 കോടി രൂപ വരെയാണ് ഇവരുടെ വരുമാനം.


