രാജ്യ തലസ്ഥാനത്ത് ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം : നടപടി പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് : പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി : ദില്ലിയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ആഴ്ചയില്‍ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. സാമ്പത്തിക സ്ഥിരതയും വിഭവങ്ങളുടെ മികച്ച ഉപയോഗവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഈ തീരുമാനം. ഈ മാറ്റം സർക്കാർ ഓഫീസുകളില്‍ മാത്രം ഒതുങ്ങില്ലെന്നും സ്വകാര്യ മേഖലയെയും ഇതിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisements

സാധ്യമായ ഇടങ്ങളിലെല്ലാം ആഴ്ചയില്‍ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കാൻ സ്വകാര്യ കമ്പനികള്‍ക്കും സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായോ ഡിജിറ്റലായോ ജോലി ചെയ്യാൻ കഴിയുന്ന മേഖലകളില്‍ ഇതിന് മുൻഗണന നല്‍കും. ഈ സംവിധാനം ശരിയായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ തൊഴില്‍ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അറിയിപ്പ് പ്രകാരം, സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിനൊപ്പം സർക്കാർ വാഹനങ്ങള്‍ക്ക് നല്‍കുന്ന ഇന്ധനത്തില്‍ (പെട്രോള്‍-ഡീസല്‍) 20 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചു. നേരത്തെ 200 മുതല്‍ 250 ലിറ്റർ വരെ ഇന്ധനം ലഭിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് ഇനി അതില്‍ കുറവ് വരും. ഇതുകൂടാതെ, ആഴ്ചയില്‍ ഒരു ദിവസം “നോ വെഹിക്കിള്‍ ഡേ” ആചരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഭരണപരമായ കാര്യങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇനി മുതല്‍ 50 ശതമാനം സർക്കാർ യോഗങ്ങളും വെർച്വല്‍ ആയിട്ടായിരിക്കും നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാഹന അലവൻസ് ലഭിക്കുന്ന ഉദ്യോഗസ്ഥർ പൊതുഗതാഗതം ഉപയോഗിക്കുകയാണെങ്കില്‍, അവർക്ക് 10 ശതമാനം അധിക പ്രോത്സാഹനം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ദില്ലിയിലെ പൊതുഗതാഗതത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കാനും സർക്കാർ ഊന്നല്‍ നല്‍കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കും. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി തിങ്കളാഴ്ചകളില്‍ മെട്രോ ഉപയോഗിക്കാൻ ആളുകളെ പ്രത്യേകം പ്രോത്സാഹിപ്പിക്കും. സമയം ലാഭിക്കുന്നതിനും മറ്റുമായി കൂടുതല്‍ കേസുകളില്‍ വിചാരണ വെർച്വല്‍ ആയി നടത്താൻ കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് മാസത്തേക്ക് തലസ്ഥാനത്ത് വലിയ പൊതുപരിപാടികള്‍ക്ക് വിലക്കേർപ്പെടുത്താനും ദില്ലി സർക്കാർ തീരുമാനിച്ചു. അതേസമയം, വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഒരു പ്രത്യേക ട്രാവല്‍ പ്ലാനും തയ്യാറാക്കും.

Hot Topics

Related Articles