കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച്‌ റസൂല്‍ പൂക്കുട്ടി : രാജി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തിൽ

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച്‌ ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തിലാണ് ആറുമാസം മുന്‍പ് ചുമതലയേറ്റ റസൂല്‍ പൂക്കുട്ടിയുടെ രാജിയുണ്ടായത്. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്.

Advertisements

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമെന്ന നിർദേശം പുതിയ സർക്കാർ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് റസൂലിൻ്റെ രാജിയുണ്ടായത്. റസൂല്‍ പൂക്കുട്ടി പദവിയൊഴിഞ്ഞതോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്മാരായ ജഗദീഷ്, സലീം കുമാര്‍, ദീപു കരുണാകരന്‍ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാനാക്കി ഭരണസമിതി പുനഃസംഘടിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അനുഭാവികളായ നടന്മാരായ ജഗദീഷ്, സലീം കുമാര്‍, ദീപു കരുണാകരന്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കുമ്പോള്‍ തന്നെ കൂടുതല്‍ സാധ്യത ജഗദീഷിനാണ്. എന്നാല്‍ പദവികളൊന്നും ഏറ്റെടുക്കാൻ തയാർ അല്ലെന്ന നിലപാടിലാണ് ജഗദീഷുള്ളത്. ഒരു സ്ഥാനത്തേക്കുമില്ലെന്നും സിനിമയില്‍ തിരക്കുണ്ടെന്നുമുള്ള നിലപാടിലാണ് ജഗദീഷ്. ഇക്കാര്യം സംസ്കാരിക വകുപ്പിനെ താരം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജഗദീഷുമായി വിശദമായി ചർച്ച നടത്താൻ സർക്കാർ തയാറായേക്കും.

ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെ നേരിടുന്നതിനാല്‍ സലിം കുമാർ ഏറെ തിരക്കുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദീപു കരുണാകരൻ പദവിയിലേക്ക് സാധ്യത കൂടുതലാണ്. പ്രൊഫഷണല്‍ കോണ്‍ഗ്രസ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംവിധായകനും നിർമാതാവുമാണ് ദീപു കരുണാകരൻ.

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞതോടെ പ്രേംകുമാറായിരുന്നു ആക്ടിങ് ചെയര്‍മാന്‍. മികച്ച പ്രവർത്തനത്തില്‍ ഏറെ കയ്യടി നേടിയ പ്രേംകുമാറിനെ അപ്രതീക്ഷിതമായി സ്ഥാനത്ത് നിന്നും സർക്കാർ നീക്കുകയും പിന്നാലെ കഴിഞ്ഞ വർഷം ഒക്ടോബറില്‍ റസൂല്‍ പൂക്കുട്ടിയെ നിയമിക്കുകയുമായിരുന്നു. പ്രേംകുമാറിനെ നീക്കി റസൂല്‍ പൂക്കുട്ടിയെ എത്തിച്ച സർക്കാർ നീക്കത്തിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തു. സ്ഥാനത്ത് നിന്നും മാറ്റുന്ന വിവരം അറിയിച്ചിരുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പ്രേംകുമാർ പിന്നീട് നടത്തിയിരുന്നു. വൈകാതെ ഇടതുമുന്നണിബന്ധം അവസാനിപ്പിച്ച്‌ പ്രേംകുമാർ കോണ്‍ഗ്രസുമായി അടുക്കുകയും ചെയ്തു.

Hot Topics

Related Articles