ഷാനിമോള്‍ ഉസ്മാൻ മകളെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് : സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോള്‍ സ്നേഹം പകരുന്നത് ഇവരൊക്കെ : പരാമർശവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോള്‍ ഉസ്മാൻ മകളെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനില്‍ നിന്നും ഞാൻ കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയില്‍ ചേർക്കുകയും ഔദ്യോഗിക രേഖകളില്‍ ലോക്കല്‍ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നു എന്നും ‘ചുണക്കുട്ടി’ യെന്ന് ഞാൻ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണ് സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോള്‍ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ് എന്നും ചെറിയാൻ ഫിലിപ്പ് ഫേസ് ബുക്കില്‍ കുറിച്ചു.

Advertisements

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവനിലേക്കെത്തിയെ എംഎല്‍എമാരെയെല്ലാം ആലിംഗനം ചെയ്യാൻ ശ്രമിച്ച ചെറിയാൻ ഫിലിപ്പിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത. വനിതാ എംഎല്‍എമാരെയടക്കം കെട്ടിപ്പിടിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ നടപടി വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍‌ വൈറലായി. കൊല്ലം എംഎല്‍എയും മന്ത്രിയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും ബിന്ദു കൃഷ്ണ ഒഴിഞ്ഞുമാറുന്നതുമായ വീഡിയോയാണ് പ്രചരിച്ചത്. മാധ്യമങ്ങളോട് സംസാരിച്ച ശേഷം എത്തിയ ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് അവരെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു. എന്നാല്‍, ബിന്ദു കൃഷ്ണ അതൃപ്തി പ്രകടമാക്കി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ചെറിയാൻ ഫിലിപ്പ് വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. ഇത് വ്യാപക വിമർശനത്തിന് ഇടയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെറിയാൻ ഫിലിപ്പ് പറയുന്നത്

നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോള്‍ ഉസ്മാൻ സഹോദരിയെന്നതിനേക്കാള്‍ എനിക്കെന്നും മകളെ പോലെയാണ്. 1988-ല്‍ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനില്‍ നിന്നും ഞാൻ കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയില്‍ ചേർക്കുകയും ഔദ്യോഗിക രേഖകളില്‍ ലോക്കല്‍ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നു. ലയോള കോളജില്‍ നിന്നും എം.എ പാസ്സായപ്പോള്‍ തന്നെ നിയമപഠനത്തിന് ഷാനിമോളെ ഞാനും പ്രേരിപ്പിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയില്‍ ഷാനിമോള്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചപ്പോഴെല്ലാം പിതൃതുല്യമായ ചാരിതാർത്ഥ്യത്തോടെയാണ് ഞാൻ വീക്ഷിച്ചിരുന്നത്.

1990-ല്‍ ശാസ്താംകോട്ടയില്‍ നടന്ന ഒരു കെ.എസ് .യു ക്യാമ്പില്‍ എന്‍റെ പ്രഭാഷണത്തിനു ശേഷം ചോദ്യങ്ങള്‍ തുടരെ ഉന്നയിച്ചപ്പോള്‍ ‘ചുണക്കുട്ടി’ യെന്ന് ഞാൻ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണ്. മൂന്നുപതിറ്റാണ്ട് മുമ്പ് ഞാൻ ഷൊർണ്ണൂരിലെത്തിയാല്‍ എപ്പോഴും തങ്ങുന്നത് വി കെ. ശ്രീകണ്ഠന്‍റെ വസതിയിലാണ്. ശ്രീകണ്ഠൻ എം പി വിവാഹം കഴിയ്ക്കുന്നതിനു മുമ്പുതന്നെ കെ.എസ്.യു പ്രവർത്തകയെന്ന നിലയില്‍ അറിയാമായിരുന്ന പക്വമതിയായ കെ.എ.തുളസി ഇപ്പോള്‍ മന്ത്രിയാണ്. 1978 ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണിയോടൊപ്പം ഞാൻ കണ്ട ചോരക്കുഞ്ഞാണ് ജെബി മേത്തർ എം.പി.1980-ല്‍ ഞാൻ കെ.എസ്.യു പ്രസിഡണ്ടായിരുന്നപ്പോള്‍ എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രാർത്ഥനാ ഗാനം അതിമനോഹരമായി ആലപിച്ചപ്പോള്‍ എല്ലാവരും അഭിനന്ദിച്ച അന്നത്തെ പാവാടക്കാരിയാണ് തൃക്കാക്കരയില്‍ നിന്നും വീണ്ടും വൻ വിജയം നേടിയ ഉമ തോമസ്.

പെങ്ങള്‍ കുട്ടി എന്ന് വിളിക്കുന്ന രമ്യാ ഹരിദാസും, പോരാളിയായ വിദ്യാ ബാലകൃഷ്ണനും ഇപ്പോള്‍ എം.എല്‍.എ മാരാണെങ്കിലും എനിക്ക് മക്കള്‍ തന്നെയാണ്. ഇന്ന് കോണ്‍ഗ്രസിന്‍റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും ഞാൻ എപ്പോഴും ആഗ്രഹിച്ച കോണ്‍ഗ്രസിലെ ഒരു തലമുറ മാറ്റത്തിന്‍റെ പ്രതീകങ്ങളാണ്. ഇവരുടെയെല്ലാം രാഷ്ട്രീയ വളർച്ചയില്‍ അഭിമാനിക്കുന്നു. സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോള്‍ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണ്. ഇവർക്കെല്ലാം മരണം വരെ എന്‍റെ ഹൃദയത്തില്‍ സ്ഥാനമുണ്ടായിരിക്കും.

Hot Topics

Related Articles