ആലപ്പുഴ: ഹരിപ്പാട്ടെ ഫുട്ബോള്‍ വിളംബര ജാഥയുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. പൊതുജനശല്യം ഉണ്ടാക്കി, ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം, ദേശീയപാതയില്‍ അന്യായമായി സംഘം ചേർന്നു, വാഹന യാത്രക്കാർക്കും കാല്‍നടക്കാർക്കും തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഇന്നലെ വൈകീട്ട് ആണ് ഹരിപ്പാട് എസ്‌ഐ ബാബുജിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐയുടെ വിളംബര ജാഥ തടഞ്ഞത്.
മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐയുടെ ലോകകപ്പ് ഫുട്ബോള്‍ വിളംബര ജാഥ പൊലീസ് തടഞ്ഞത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ഹരിപ്പാടാണ് സംഭവം. ജാഥ തടഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ഹരിപ്പാട് എസ്‌ഐ ബാബുജിയും തമ്മില്‍ നടുറോഡില്‍ പരസ്യമായി കൊമ്പുകോർത്തു. ഇത് പ്രവർത്തകരും പൊലീസും തമ്മിലുള്ള വലിയ വാക്കുതർക്കത്തിലേക്കും സംഘർഷാവസ്ഥയിലേക്കും വഴിമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരിപ്പാട് ടൗണ്‍ഹാളില്‍ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് എസ്‌ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. ഡിവൈഎഫ്‌ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവെച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികള്‍ തുടരുകയാണെങ്കില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വഴിയില്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഭീഷണി മുഴക്കി.
പോലീസ് ജീപ്പ് വട്ടംവെച്ച് വഴിമുടക്കിയതോടെ സ്ഥലത്ത് വൻ ജനക്കൂട്ടവും ഗതാഗത കുരുക്കുമുണ്ടായി. ഏറെ നേരം നീണ്ടുനിന്ന തർക്കത്തിനൊടുവില്‍ പ്രതിഷേധ സൂചകമായി ജാഥ പൂർത്തിയാക്കാതെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഭവ സ്ഥലത്തു നിന്നും മടങ്ങി. പിന്നാലെയാണ് ഇന്ന് കേസെടുത്തത്.


