കോട്ടയം : എസ്.ബി.ഐ ജീവനക്കാരുടെ തസ്തികാ മാറ്റത്തിലും സ്ഥലംമാറ്റത്തിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിലും, നടപടിക്രമങ്ങളിലെ സുതാര്യതക്കുറവിലും, വിവേചനപരമായ മാനേജ്മെന്റ് നടപടികളിലും പ്രതിഷേധിച്ച് എസ്.ബി.ഇ.എ (കെ) യുടെയും എ.കെ.ബി.ഇ.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ എസ്.ബി.ഐ കോട്ടയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ ഇന്ന് വമ്പിച്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയിൽ സ്ഥലംമാറ്റങ്ങൾക്ക് വ്യക്തമായ നയങ്ങളും മാനദണ്ഡങ്ങളും നിലവിലുണ്ടെങ്കിലും, താഴെത്തട്ടിൽ അവ അട്ടിമറിക്കപ്പെടുകയാണെന്ന് ധർണ്ണയിൽ ആരോപിച്ചു. അഴിമതിയും സ്വജനപക്ഷപാതവും ഇത്തരം നടപടികൾക്ക് പിന്നിലുണ്ടെന്ന ശക്തമായ സംശയമാണ് ജീവനക്കാർ പ്രകടിപ്പിച്ചത്. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഇടപെടലുകളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. അർഹതയും സീനിയോറിറ്റിയും ഉണ്ടായിട്ടും നിരവധി ജീവനക്കാർക്ക് ഈ വർഷം തസ്തികാ മാറ്റം നിഷേധിക്കപ്പെട്ടതായി ധർണ്ണയിൽ ആരോപിച്ചു. അതേസമയം, മാനേജ്മെന്റിന്റെ തെറ്റായ നടപടികൾക്കെതിരെ ശബ്ദമുയർത്തുന്ന യൂണിയൻ പ്രവർത്തകരെ പ്രതികാരബുദ്ധിയോടെ ലക്ഷ്യമിടുകയും അന്യായമായ സ്ഥലംമാറ്റങ്ങൾക്ക് വിധേയരാക്കുകയും ചെയ്യുന്നതായും നേതാക്കൾ പറഞ്ഞു. എസ്.ബി.ഐ കോട്ടയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി എസ്. ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.ബി.ഐ.ഇ.എ ജനറൽ സെക്രട്ടറി അനിൽ കുമാർ വി മുഖ്യപ്രഭാഷണം നടത്തി. എ.കെ.ബി.ഇ.എഫ് ജില്ലാ ചെയർമാൻ ജോർജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ധർണ്ണയിൽ എസ്.ബി.ഇ.എ (കെ) ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, എ.കെ.ബി.ഇ.എഫ് ജില്ലാ വനിതാ കൗൺസിൽ ചെയർപേഴ്സൺ മഞ്ജു കെ.എം എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. എസ്.ബി.ഇ.എ (കെ) അസിസ്റ്റന്റ് സെക്രട്ടറി ഹൃഷികേശ് എ.എസ്, സ്വാഗതവും വൈസ് പ്രസിഡൻ്റ് രാജേന്ദ്രൻ ആർ. കൃതജ്ഞതയും രേഖപ്പെടുത്തി.






