കോട്ടയം: പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ച് വയസിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ പ്രതിരോധ വാക്സിൻ നൽകും. ജില്ലാതല ഉദ്ഘാടനം ജൂൺ 28ന് രാവിലെ 10 ന് കോട്ടയം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള 85277 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. വിതരണത്തിനായി 1218 ബൂത്തുകൾ ജില്ലയിൽ സജ്ജമാക്കും. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് തുള്ളിമരുന്ന് വിതരണം.
എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികൾ, വായനശാല, ക്ലബ്, റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കും. അഞ്ചു മൊബൈൽ ബൂത്തുകളും ഏർപ്പെടുത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
29, 30 തീയതികളിൽ വോളണ്ടിയർമാർ ഭവന സന്ദർശനം നടത്തി അഞ്ചു വയസിൽ താഴെയുളള എല്ലാ കുട്ടികൾക്കും പോളിയോ തുളളി മരുന്ന് ലഭിച്ചു എന്ന് ഉറപ്പു വരുത്തും. ഈ പ്രായവിഭാഗത്തിലുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ തന്നെ തുള്ളിമരുന്ന് നൽകി പോളിയോ നിർമ്മാർജന യജ്ഞത്തിൽ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അഭ്യർത്ഥിച്ചു.


