ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങി നൂറുപേരെ നിയമിച്ചുവെന്ന ജി. സുധാകരന്റെ ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് മുൻ എം.എൽ.എ എച്ച്. സലാം. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന അഞ്ചുവർഷക്കാലം കൈക്കൂലി വാങ്ങി നിയമനം നടത്തിയെന്നാണ് മെഡിക്കൽകോളേജിലെ ഒരു ചടങ്ങിൽ ജി. സുധാകരൻ പ്രസംഗിച്ചത്. ഇവരെ തനിക്ക് അറിയാമെന്ന് പറഞ്ഞ സ്ഥിതിക്ക് പണം വാങ്ങിയ ആളുകളുടെ പേരുകൾ ജി. സുധാകരൻ പരസ്യപ്പെടുത്തണം.
ഇക്കാര്യങ്ങൾ ജനപ്രതിനിധി മറച്ചുവെക്കാൻ പാടില്ല. ആരോപിക്കപ്പെട്ട നൂറുപേരുടെ അനധികൃത നിയമനം ഏതാണെന്ന് വ്യക്തമാക്കാൻ ആശുപത്രി പ്രിൻസിപ്പലിനും സൂപ്രണ്ടിനും ബാധ്യതയുണ്ട്. അനധികൃത നിയമനം നടത്തിയെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കുടുംബശ്രീ വഴിയാണ് ക്ലീനിങ് തൊഴിലാളികളെ നിയമിക്കുന്നത്. ഇതുവഴി കുടുംബശ്രീയെയും ജി. സുധാകരൻ ആക്ഷേപിച്ചു. അനുവദനീയമായ തസ്തികയുടെ എണ്ണത്തേക്കാൾ അധികമായി വേണ്ടി വരുന്ന ക്ലീനിങ് ജീവനക്കാരെ 45 ദിവസത്തേക്കാണ് നിയമിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2009ൽ ജി.സുധാകരൻ മന്ത്രിയായിരുന്ന വി.എസ് സർക്കാരിന്റെ കാലത്താണ് ഈ നിയമനം നടപ്പാക്കിയത്. കഴിഞ്ഞ അഞ്ച് വർഷം എൽ.ഡി.എഫ് സർക്കാർ ഒരുപുതിയ ഉത്തരവും ഇതു സംബന്ധിച്ച് ഇറക്കിയിട്ടില്ല. കുടുംബശ്രീ വഴി താൽകാലിക നിയമനം നടത്താൻ ഉത്തരവിട്ട വി.എസ് സർക്കാരിലെ മന്ത്രി തന്നെ തന്റെ രാഷ്ട്രീയം മാറിയപ്പോൾ തലതിരിഞ്ഞ് പറയുന്നത് വൃത്തികേടാണ്. ആ ഉത്തരവിന്റെ ഉത്തരവാദിത്വം അന്ന് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ജി.സുധാകരനാണ്.
നിയമനം സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയ വി.എസ് സർക്കാരിന്റെ കാലം മുതൽ ജി.സുധാകരൻ എം.എൽ.എ ആയിരുന്ന 15 വർഷവും ഞാൻ എം.എൽ.എ ആയിരുന്ന കഴിഞ്ഞ അഞ്ച് വർഷവും നടന്ന മുഴുവൻ നിയമനങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷിക്കണം. ആരോപണം ഉന്നയിച്ച ജി. സുധാകരൻ ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകണമെന്നും എച്ച്. സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


