കൊല്ലം, ജൂലൈ 3: സ്വച്ഛത പഖ്‌വാഡ-2026 ന്റെ ഭാഗമായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (NSO), എസ്.ആർ.ഒ. കൊല്ലവും ഗവൺമെന്റ് ടി.ടി.ഐ., കാന്റോൺമെന്റ്, കൊല്ലവും സംയുക്തമായി ജൂലൈ 3-ന് ഗവ. ടി.ടി.ഐ. ഓഡിറ്റോറിയത്തിൽ ചിത്രരചന, ക്രാഫ്റ്റ് മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപക പരിശീലന വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സുസ്ഥിര വികസനം എന്നീ വിഷയങ്ങൾ ആസ്പദമാക്കിയ സൃഷ്ടികൾ ശ്രദ്ധേയമായി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അധ്യാപിക മായ അഭിലാഷ് സ്വാഗതം ആശംസിച്ചു. ഗവ. ടി.ടി.ഐ. പ്രിൻസിപ്പൽ സജി ഇ.ടി. അധ്യക്ഷത വഹിച്ചു. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ കുഞ്ചറാകാട്ട് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.ഒ. കൺസൾട്ടന്റുമാരായ സന്തോഷ് കുമാർ എ., ബാബു വർഗീസ്, സീനിയർ ടീച്ചർ സുലത കെ. രാമചന്ദ്രൻ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ ശ്രീഹരി, ബി. ഷൈൻരാജ് എന്നിവർ ആശംസകൾ നേർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടിയുടെ ഭാഗമായി സ്വച്ഛത പ്ലാന്റേഷൻ ഡ്രൈവ് സംഘടിപ്പിച്ച് ഗവ. ടി.ടി.ഐ. ക്യാമ്പസിൽ വിവിധ ഫലവൃക്ഷ-തണൽവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവർത്തനം.
ചിത്രരചനാ മത്സരത്തിൽ ഇശിക (3B) ഒന്നാം സ്ഥാനവും, സബിൻ (4B) രണ്ടാം സ്ഥാനവും, പ്രാണാലി പ്രവീൺ ഷിൻ (4A) മൂന്നാം സ്ഥാനവും നേടി.
ക്രാഫ്റ്റ് (പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മാണം) മത്സരത്തിൽ വീണ ഒന്നാം സ്ഥാനവും, അതുല്യ രണ്ടാം സ്ഥാനവും, നക്ഷത്രയും മീനുവും മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗവ. ടി.ടി.ഐ. സ്റ്റാഫ് സെക്രട്ടറി ലെനോ ജി. നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് പരിപാടി വിജയകരമാക്കി. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ പരിപാടി ശ്രദ്ധേയമായ പങ്കുവഹിച്ചു.


