ചിത്രം : അരൂർ ദേശീയപാതയിൽ കണ്ടെയ്നർ ലോറി കുടുങ്ങിയപ്പോൾ
അരൂർ : അരൂർ-തുറവൂർ ഉയരപ്പാതാ നിർമാണം നടക്കുന്ന ദേശീയപാതയിലെ കാനയിൽ പഴം-പച്ചക്കറി ഗോഡൗണിലേക്കെത്തിയ കണ്ടെയ്നർ ലോറി കുടുങ്ങി. രണ്ടുമണിക്കൂർ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെ അരൂർ കെൽട്രോൺ കവലക്ക് തെക്കുവശമാണ് സംഭവം. ഗോഡൗണിലേക്ക് തിരിക്കാൻ ശ്രമിച്ച കണ്ടെയ്നർ ലോറി ഉയരപ്പാതയുടെ ഭാഗമായി പണിഞ്ഞ കാനയിൽ കുടുങ്ങിയാണ് നിലച്ചത്.
20 അടി നീളമുള്ള കണ്ടെയ്നർ ലോറി ദേശീയപാതയിൽ വട്ടം കിടന്നതോടെ തെക്കുനിന്ന് വന്ന വാഹന ഗതാഗതം പൂർണമായും നിലച്ചു. ലോറിയുടെ മുൻഭാഗം കാനയിൽ ഉടക്കി നിന്നപ്പോൾ പുറകുഭാഗം മീഡിയനിൽ തട്ടി നിന്നു. അങ്ങോട്ടുമിങ്ങോട്ടും ചലിക്കാനാവാതെ ലോറി നിലച്ചതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലത്തെ സമയമായതിനാൽ എറണാകുളം ഭാഗത്തേക്ക് വർധിച്ച ഗതാഗതമായിരുന്നു. അരൂർ പൊലീസ് എത്തി വാഹനങ്ങൾ അരൂർ പെട്രോൾ പമ്പിന്റെ മുന്നിലെ മീഡിയൻ ഗ്യാപ് വഴി തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
രണ്ടുമണിക്കൂറിനുശേഷം മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ലോറിയുടെ പുറകുഭാഗം പൊക്കി മാറ്റിവച്ചാണ് കണ്ടെയ്നറിനെ ഗോഡൗണിലേക്ക് എത്തിച്ചത്. കാനയുടെ അശാസ്ത്രീയ നിർമാണം ദേശീയപാത യോരത്ത് ദിവസവും വാഹന ങ്ങളെ കുടുക്കുകയാണ്. വെള്ളിയാഴ്ച എരമല്ലൂരിലെ പെട്രോൾ പമ്പിനു മുന്നിലെ കാനയുടെ മുകളിലെ കോൺക്രീറ്റ് സ്ലാബ് ടോറസ് കയറി തകർന്നിരുന്നു. ദിവസങ്ങൾക്കു മുൻപ് അരൂർ പെട്രോൾ പമ്പിന്റെ മുന്നിലും ടോറസ് കാനയിൽ കുടുങ്ങിയിരുന്നു.


