പുഞ്ചവയൽ : പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനു സമീപമാണ് വളർത്ത് നായെ അജ്ഞാത ജീവി കടിച്ചു കൊന്നത്. കലങ്ങോട്ടിൽ ഷാജിയുടെ വീടിന്റെ മുന്നിൽ തൊടലിൽ കെട്ടിയിരുന്ന വളർത്തു നായയെ ആണ് രാവിലെ ചത്തനിലയിൽ കണ്ടെത്തിയത്. ഷാജിയും കുടുംബവും രണ്ടു വർഷം മുന്നേ ഈ വീട്ടിൽ നിന്നും മാറി വേറൊരു വാടകവീട്ടിലാണ് താമസം. രാത്രികാലങ്ങളിൽ ഷാജി വളർത്തു നായെ തുറന്നു വിടാറുണ്ട്. കഴിഞ്ഞദിവസം തുറന്നു വിട്ടിരുന്നില്ല. ശനിയാഴ്ച രാവിലെ ഭക്ഷണം കൊടുക്കുവാൻ ചെന്നപ്പോഴാണ് വളർത്തു നായെ ചത്തനിലയിൽ ഷാജി കാണുന്നത്.
സമീപത്തെ പുലിയുടേതാണെന്ന് കരുതുന്ന കാൽപ്പാടുകൾ ഉണ്ട്. ഉടൻതന്നെ വനംവകുപ്പിൽ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി മേഖലയിൽ പരിശോധന നടത്തുകയും ക്യാമറ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ചു. രണ്ടു വർഷത്തിനിടെ ഇരുപതോളം വളർത്തുന്ന നായകളെയാണ് അജ്ഞാത ജീവി കൊലപ്പെടുത്തിയത്. രണ്ടാഴ്ച മുന്നേ ഷാജിയുടെ വീടിന് സമീപത്തും നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പുലി ആണെന്നാണ് നാട്ടുകാർ പറയുന്നത്. കൂട് സ്ഥാപിച്ച അജ്ഞാത ജീവിയെ പിടികൂട്ടണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


