കായംകുളം: വിധി സാദ്ദിഖിന്‍റെ ചലനശേഷി നഷ്ടപ്പെടുത്തിയെങ്കിലും ഉറച്ചമനസോടെ തെരുവിലറിങ്ങിയപ്പോൾ നീങ്ങിയത് പൊതുജന സഞ്ചാരത്തിന് തടസമായ വെള്ളക്കെട്ട്. അശാസ്ത്രീയ കാന നിർമ്മാണത്തിൽ ദേശിയപാതയിലെ വെള്ളക്കെട്ട് മൂലം പൊതുജനങ്ങൾക്കും വീൽചെയർ സഞ്ചാരിയായ സാമൂഹിക പ്രവർത്തകൻ കളീക്കൽ എസ്.എം. സാദിഖിന്‍റെ (55) ജീവിതയാത്രയും തടസ്സമായി. നീരൊഴുക്ക് തടസ്സപ്പെട്ടതോടെ സാദിഖിൻ്റെ വീടും പരിസരവും വെള്ളക്കെട്ടിലായി. അധികൃതരും തിരിഞ്ഞുനോക്കാതായതോടെ കമ്പിപ്പാരയുമായി സാദ്ദിഖ് വീൽച്ചെയറിൽ പൊതുനിരത്തിലിറങ്ങി.
സാദിഖ് തന്നാൽ കഴിയും വിധം വെള്ളം കുത്തി വിടാൻ നടത്തുന്ന പ്രവൃത്തികണ്ട് ചില സുഹൃത്തുക്കളും കൈകോർത്തതോടെ ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായി. കാനയുടെ അശാസ്ത്രീയ നിർമാണത്തിൽ കനത്ത മഴയിൽ ദേശീയപാത വെള്ളക്കെട്ടായതോടെ പ്രദേശവാസികളുടെ ജീവിതവും ദുസഹമായി.
പലരുടെയും വീടുകളിലേക്കും വെള്ളം കയറി. ഒഴുകിപ്പോകാനുള്ള സൗകര്യം അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. കാലവർഷം ശക്തമായിട്ടും ഇതിന് പരിഹാരം കാണുന്നതിൽ അധികൃതർ വീഴ്ച വരുത്തുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏവരും കണ്ണടച്ചതോടെ സാദിഖ് എന്ന വീൽചെയർ സഞ്ചാരി നടത്തിയ ഇടപെടൽ മറ്റുള്ളവർക്കും മാതൃകയായി. ദിവസേന ഈ വഴി കടന്നുപോകേണ്ടി വരുന്ന സാദിഖിന് വെള്ളക്കെട്ട് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. എന്നാൽ പരാതി പറഞ്ഞു മടങ്ങാൻ അദ്ദേഹം തയ്യാറായില്ലായെന്നതാണ് ശ്രദ്ധേയം. പ്രീഡിഗ്രി പഠനകാലത്തുണ്ടായ ആരോഗ്യ പ്രശ്നമാണ് സാദ്ദിഖിനെ തളർത്തിയത്. എങ്കിലും തളരാത്തമനസുമായി സാദ്ദിഖ് എത്തിപ്പെട്ട മേഖലകൾ ശ്രദ്ധേയമാണ്. തന്‍റെ ജീവിതാനുഭവം പുസ്തകമാക്കാനും സാദ്ദിഖ് സമയം കണ്ടെത്തി. അദ്ദേഹം എഴുതിയ ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളം എന്ന പുസ്തകം വായനക്കാരുടെ മനസുകളിൽ ഇടം നേടി.


