മാവേലിക്കര: കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗവും ഡാറ്റാ ഉപയോഗവും സാങ്കേതികമായി നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ നടപ്പാക്കണമെന്ന് ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവരസാങ്കേതികവിദ്യയുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. വിവരശേഖരണം, ആശയവിനിമയം, വിജ്ഞാനം, വിനോദം തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുകളും നല്കിയ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണെങ്കിലും
സാമൂഹ്യമാധ്യമങ്ങളുടെ അതിരുകടന്ന ഉപയോഗം സമൂഹത്തില്‍ ആശങ്കാജനകമായ പ്രവണതകള്‍ക്ക് വഴിവെക്കുന്നു.
കുട്ടികളിലേക്ക് അഭിലഷണീയമല്ലാത്ത വിദേശ സ്വാധീനങ്ങളും ദുഷ്പ്രവണതകളും നേരിട്ട് എത്തുന്നത് തടയാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സൃഷ്ടക്കണമെന്നും ഐ.ടി. നയത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ബാലഗോകുലം ദക്ഷിണ കേരളം ഭാരവാഹികള്‍: ഡോ. എന്‍. ഉണ്ണികൃഷ്ണന് (പ്രസി.), പി.എന്‍. സുരേന്ദ്രന്, പി. കൃഷ്ണപ്രിയ, സി.വി. ശശികുമാര്‍, (വൈ. പ്രസി.), ആര്.പി. രാമനാഥന് (ജന. സെക്ര.), കെ. ബൈജുലാല്‍, ബി. അജിത്ത്കുമാര്‍, എം.എസ്. സുഭാഷ്, ടി.ജി. അനന്തകൃഷ്ണന് (സെക്ര.), എസ്. ശ്രീകുമാര്‍ (ഖജാ.), ആര്.കെ. രമാദേവി (ഭഗിനിപ്രമുഖ്), കെ.കെ. ശ്രീവിദ്യ (സഹ ഭഗിനി പ്രമുഖ്), എ. അനൂപ്, പി.സി. ഗിരീഷ്, പി.എസ്. ഗിരീഷ്, എം. വിപിന്‍, പി. സന്തോഷ്കുമാര്‍, കെ.ആര്. മുരളി, എം. മനോജ്, ജി. സന്തോഷ് (സംസ്ഥാനസമിതിയംഗം).


