ഡല്‍ഹി: ആക്ടിവിസ്റ്റായ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരം തുടരുമ്പോള്‍ താൻ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ വലിയ ചർച്ചയായതോടെ കോക്രോച്ച് ജനതാപാർട്ടി(സിജെപി) സ്ഥാപകനായ അഭിജീത് ദീപ്കെ വിശദീകരണവുമായി രംഗത്ത്. മറ്റൊരു സന്ദർഭത്തില്‍നിന്ന് അടർത്തിയെടുത്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സമരം മുന്നോട്ടുകൊണ്ടുപോകാനായാണ് താനടക്കമുള്ള പ്രധാന നേതാക്കള്‍ നിരാഹാര സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ദീപ്കെ പറഞ്ഞു. വാങ്ചുകിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹത്തോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ അദ്ദേഹം അതിന് വിസമ്മതിക്കുകയാണുണ്ടായതെന്നും ദീപ്കെ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം ആരംഭിച്ചത്. ഈ സമരത്തിലാണ് ആക്ടിവിസ്റ്റായ സോനം വാങ്ചുകും പങ്കുചേർന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരവേദിയില്‍ അദ്ദേഹം നിരാഹാരം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, സോനം വാങ്ചുക് നിരാഹാരം കിടക്കുമ്പോള്‍ സിജെപി സ്ഥാപകനായ അഭിജീത് ദീപ്കെ ഉള്‍പ്പെടെയുള്ളവർ തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിക്കുകയാണെന്നായിരുന്നു കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ ഉയർന്ന ആരോപണം.


